ദീര്‍ഘദൂര ദേശാടനപ്പക്ഷിയായ ‘ആര്‍ട്ടിക് ടേണി’നെ (ആര്‍ട്ടിക് കടലാള) 90 വര്‍ഷത്തിനുശേഷം ഇന്ത്യയില്‍ കണ്ടെത്തി. കണ്ണൂര്‍ ആയിക്കര കടപ്പുറത്താണ് പക്ഷിനിരീക്ഷകനായ നിഷാദ് ഇഷാല്‍ ഇതിനെ കണ്ടെത്തി പടമെടുത്തത്. മുന്‍പ് ലഡാക്കില്‍ ചത്ത നിലയില്‍ ബ്രിട്ടീഷ് ഗവേഷകര്‍ ഇതിനെ കണ്ടെത്തിയിരുന്നു.
ആര്‍ട്ടിക്ക് മേഖലയില്‍ കാണുന്ന ഈ പക്ഷി ഒരുവര്‍ഷം 80,000 കിലോമീറ്റര്‍ സഞ്ചരിക്കാറുണ്ട് എന്നാണ് പഠനം. കോമണ്‍ ടേണുമായി ഏറെ സാമ്യമുള്ള ഇതിനെ തിരിച്ചറിയാന്‍ നിഷാദിനെ സഹായിച്ചത് ‘ഇന്ത്യന്‍ ബേര്‍ഡ്‌സ്’ ചീഫ് എഡിറ്റര്‍ പാലക്കാട് സ്വദേശി ജെ. പ്രവീണാണ്.
വിദേശത്തുള്ള പക്ഷിഗവേഷകരുടെ സഹായത്തോടെയാണ് നിഷാദെടുത്ത ചിത്രങ്ങള്‍ ആര്‍ട്ടിക് ടേണിന്റേതാണ് എന്ന് പ്രവീണ്‍ സ്ഥിരീകരിച്ചത്. കനത്ത കാറ്റും മഴയുമാണ് ഈ ആര്‍ട്ടിക് കടലാളയെ കേരള തീരത്തെത്തിച്ചതെന്ന് കരുതുന്നു. ഒട്ടേറെ കടല്‍പ്പക്ഷികള്‍ കഴിഞ്ഞ ദിവസങ്ങളില്‍ കണ്ണൂര്‍ തീരത്തെത്തിയിരുന്നു.
പകലാണ് ഇവ ദേശാടനം നടത്താറുള്ളത്. ‘ഇ-ബേര്‍ഡ് ഇന്ത്യ’യുടെ നേതൃത്വത്തില്‍ നടന്ന ബീച്ച് ബേര്‍ഡിങ്ങിന്റെ ഭാഗമായി ആയിക്കരയില്‍ എത്തിയപ്പോഴാണ് പള്ളിക്കുന്ന് സ്വദേശിയും വാസ്തുശില്പിയുമായ നിഷാദ് പക്ഷിയെ കണ്ടെത്തിയത്. പരിരക്ഷണ സംഘടനയായ മാര്‍ക്കിന്റെ സജീവപ്രവര്‍ത്തകനും കേരള ബേര്‍ഡേഴ്‌സ് ക്ലബ് സ്ഥാപകാംഗവുമാണ് നിഷാദ് ഇഷാല്‍. – (അവലംബം – മാതൃഭൂമി ഓൺലൈൻ)