ഭൂമിയുടെ അതേ ഫീച്ചറുകളുമായി മറ്റൊരു ഗ്രഹം

ഭൂമിയുടെ അതേ ഫീച്ചറുകളുമായി മറ്റൊരു ഗ്രഹത്തെ കണ്ടെത്തി നാസ. ഹബിള്‍ സ്‌പേസ് ടെലസ്‌കോപ്പ് വഴിയാണ് അമ്പരപ്പിക്കുന്ന കാര്യം കണ്ടെത്തിയത്. ബഹിരാകാശ രംഗത്തെ പഠനങ്ങളെ മാറ്റിയെഴുതുന്ന കണ്ടെത്തലാണിത്. ഈ എക്‌സോപ്ലാനറ്റില്‍ നീരാവിയുടെ സാന്നിധ്യവും ടെലസ്‌കോപ്പിലൂടെ കണ്ടെത്തിയിട്ടുണ്ട്.

നീരാവിയുടെ സാന്നിധ്യം ഇത്രയും ചെറിയ ഗ്രഹത്തില്‍ കണ്ടെത്തുന്നതും ആദ്യമായിട്ടാണ്. ജിജെ 9827 ഡി എന്നാണ് ഈ ഗ്രഹത്തിന്റെ പേര്. ഭൂമിയേക്കള്‍ രണ്ടിരട്ടി വ്യാസമാണ് ഇതിനുള്ളത്. സൗരയൂഥത്തിന് പുറത്ത് ജലാംശം നിറഞ്ഞ അന്തരീക്ഷങ്ങളെ കുറിച്ചുള്ള കൂടുതല്‍ ആഴത്തിലുള്ള വിവരങ്ങളിലേക്ക് വെളിച്ചം വീശുന്നതാണ് ഇപ്പോഴത്തെ കണ്ടെത്തലെന്നാണ് ശാസ്ത്രജ്ഞര്‍ അവകാശപ്പെടുന്നത്.

ഗ്രഹത്തിലോ ശരീരത്തിലോ ജീവന്‍ നിലനിര്‍ത്തുന്നതിന് ആധാരം ജലമാണ്. ചെറു ഗ്രഹങ്ങളെ വാസയോഗ്യമാക്കാന്‍ ജലത്തിന്റെ സാന്നിധ്യത്തിന് സാധിക്കുമെന്നാണ് ശാസ്ത്രജ്ഞര്‍ കരുതുന്നത്. പാറകഷ്ണങ്ങള്‍ നിറഞ്ഞ ഗ്രഹങ്ങളുടെ പഠനത്തില്‍ വലിയ നാഴികക്കല്ലായി പുതിയ കണ്ടെത്തല്‍ മാറും. ജിജെ 9827ഡിയില്‍ നീരാവി കണ്ടെത്തിയത് വലിയ കാര്യങ്ങള്‍ കണ്ടെത്തുന്നതിലേക്ക് നയിക്കുമെന്നാണ് നാസയുടെ വിശ്വാസം. ഭൂമിയുമായി സാമ്യം നിറയെ ഉള്ള വേറെയും ഗ്രഹങ്ങള്‍ ഉണ്ടാവാമെന്നാണ് വിലയിരുത്തല്‍. ജലം നിറഞ്ഞ അന്തരീക്ഷമുള്ള ഗ്രഹങ്ങള്‍ മറ്റ് ഗ്രഹങ്ങള്‍ക്ക് ചുറ്റമുണ്ടെന്ന് ആദ്യമായിട്ടാണ് കണ്ടെത്തുന്നതെന്ന് ജോന്‍ ബെന്നകെ പറഞ്ഞു. ട്രോട്ടിയര്‍ ഇന്‍സ്റ്റിറ്റ്യൂട്ടിലെ ഗ്രഹ നിരീക്ഷ സംഘത്തിലെ അംഗമാണ് ബെന്നകെ. ഇത്ര ചെറിയ ഗ്രഹത്തില്‍ ജലം കണ്ടെത്തിയത്, ഭൂമിക്ക് സമാനമായ ഗ്രഹങ്ങളുടെ സ്വാഭാവ പഠനത്തിന് സഹായിക്കുമെന്നാണ് ശാസ്ത്ര സംഘം കരുതുന്നത്. അതേസമയം ഈ പുതിയ ഗ്രഹത്തിന്റെ സ്വഭാവ സവിശേഷതയുടെ കാര്യം ഇപ്പോഴും അജ്ഞാതമാണ്. ഹൈഡ്രജനാല്‍ സമ്പന്നമായ അന്തരീക്ഷമായത് കൊണ്ടാണോ നീരാവി കണ്ടതെന്നും, യഥാര്‍ഥത്തില്‍ ഇവിടെ വെള്ളം ഉണ്ടോ എന്നും, ഇനി ഹൈഡ്രജന്‍-ഹീലിയം അന്തരീക്ഷം ആവിയായ ശേഷം വെള്ളം മിച്ചം വന്നതാണോ എന്നെല്ലാം പരിശോധിക്കേണ്ടതുണ്ട്. അതിശക്തമായ ചൂടാണ് ഈ ഗ്രഹത്തിനുള്ളത്. ശുക്രന്റെ അന്തരീക്ഷവുമായിട്ടാണ് ഇതിനെ താരതമ്യപ്പെടുത്തുന്നത്. 800 ഡിഗ്രി ഫാരന്‍ ഹീറ്റാണ് ഈ ഗ്രഹത്തിലെ താപനില. ഇതില്‍ താമസിക്കുക എന്ന കാര്യം അതുകൊണ്ട് അസാധ്യമാണ്.

രണ്ട് സാധ്യതകളാണ് ശാസ്ത്ര സംഘം പറയുന്നത്. ഈ ഗ്രഹത്തിന്റെ അന്തരീക്ഷം ഒന്നുകില്‍ ഹൈഡ്രജന്‍ ധാരാളമുള്ള അതിനൊപ്പം ജലവുമുള്ള അന്തരീക്ഷമായിരിക്കും. ഒരു മിനി നെപ്ട്യൂണ്‍ പോലെ എന്ന് പറയാം. അതല്ലെങ്കില്‍ വ്യാഴത്തിന്റെ ചന്ദ്രനായ യൂറോപ്പയുടെ താപമേറിയ ഗ്രഹമായും ഇവ അറിയപ്പെടാം. അതില്‍ പാതി ജലവും, പാതി പാറകഷ്ണങ്ങളുമായിരിക്കും ഉണ്ടാവുക. ഇതറിയാനുള്ള ശ്രമത്തിലായിരിക്കും ഇനി ശാസ്ത്രജ്ഞരുടെ സംഘം. 2017ല്‍ നാസയുടെ കെപ്ലര്‍ സ്‌പേസ് ടെലസ്‌കോപ്പാണ് ഈ ഗ്രഹത്തെ കണ്ടെത്തുന്നത്. അതിന് ശേഷമാണ് പഠനങ്ങള്‍ നടക്കുന്നത്. ചുവന്ന കുള്ളന്‍ നക്ഷത്രങ്ങളെ സാധാരണ ഭ്രമണം ചെയ്യാന്‍ 6.2 ദിവസമാണ് വേണ്ടത്.