നൂറു വയസ്സു വരെ സന്തോഷവും ഉറപ്പ് ; അവസാന പേജ് വരെ വായിക്കേണ്ട ഒരേയൊരു പുസ്തകം

ജീവിതത്തിന്റെ അവസാന ദിവസം വരെയും സന്തോഷത്തോടെ ജീവിക്കുന്നതിനെക്കുറിച്ചാണ് 19 വർഷം മുൻപ് എഴുപതാം വയസ്സിൽ ദക്ഷിണകൊറിയൻ ഡോക്ടറും എഴുത്തുകാരനുമായ റീ കുൻ ഹോ എഴുതിയത്. കുട്ടിക്കാലം മുതൽ ഒട്ടേറെ ദുരനുഭവങ്ങളിലൂടെ കടന്നുപോയ റീയുടെ I Want to Have Fun Till the Day I Die എന്ന പുസ്തകം വായനക്കാർ ഏറ്റെടുത്തു. ഇന്നും ബെസ്റ്റ് സെല്ലറായി വിൽക്കപ്പെടുന്നു. ഇപ്പോൾ 90 ന്റെ പടിവാതിലിൽ ചിരിച്ചുകൊണ്ടുനിൽക്കുന്ന റീ വീണ്ടും പറയുന്നു: If You Live to 100, You Might As Well Be Happy. വയസ്സ് നൂറായാൽ തന്നെ എന്താ. ജീവിതത്തിലെ സന്തോഷം ഇല്ലാതാകില്ല. റീയുടെ പത്താമത്തെ പുസ്തകം. കൊറിയൻ ഭാഷയ്ക്കൊപ്പം ഇംഗ്ലിഷിലും.

ദുഃഖിക്കാൻ, നിരാശനാകാൻ, അസ്വസ്ഥതയ്ക്കും ദുരന്ത ചിന്തകൾക്കും ഒട്ടേറെ അവസരമുണ്ടായിട്ടും റീ ശുഭാപ്തി വിശ്വാസത്തെക്കുറിച്ചു തന്നെ വീണ്ടും പറയുന്നു. പ്രായമാകുന്നതിനെ പേടിക്കാതെ സന്തോഷത്തോടെ ഉറ്റുനോക്കുന്നു. മരണം മാറിനിൽക്ക‌ട്ടെ, എനിക്കിനിയും ജീവിക്കണം എന്നു സൗമ്യമായി മന്ത്രിക്കുന്നു. കാരണം അറിയാൻ റീയുടെ പുസ്തകം തന്നെ തുറക്കണം. ആ ജീവിതത്തെക്കുറിച്ച് അറിയണം. ഇങ്ങനെയും ഒരു ജീവിതമോ എന്ന് അദ്ഭുതപ്പെടണം!

ജീവിതത്തിൽ സന്തോഷം വേണമെങ്കില്‍ ഉറപ്പായി പാലിക്കേണ്ട‌ ഒരു നിയമമുണ്ട്: ക്ഷമിക്കുക. വെറുപ്പിനും വിദ്വേഷത്തിനും മനസ്സിൽ ഇടം കൊടുക്കാതിരിക്കുക. ലോകം ജീവിക്കാൻ ഏറ്റവും മനോഹരം എന്നൊന്നും റീ പറയുന്നില്ല. എന്നുതന്നെയല്ല അപൂർണതകൾ, വിയോജിപ്പുകൾ ഒട്ടേറെയുണ്ടായേക്കാം. എന്നാൽ, പ്രതീക്ഷ കൈവിടുന്നതെന്തിന്. ഇന്നല്ലെങ്കിൽ നാളെ എല്ലാം മാറുമെന്നും ഇരുട്ടിനു ശേഷം വെളിച്ചം വരുമെന്നും തന്നെ പ്രതീക്ഷിക്കുക.

1935 ൽ റീ ജനിക്കുമ്പോൾ ജപ്പാന്റെ കോളനിയായിരുന്നു കൊറിയ. താൻ ജപ്പാൻകാരനാണ് എന്നായിരുന്നു കുട്ടിക്കാലത്ത് അദ്ദേഹം വിശ്വസിച്ചിരുന്നത്. രണ്ടാം ലോക യുദ്ധം നടക്കുമ്പോൾ സ്കൂളിൽ പഠിക്കുകയാണ്. 10 വയസ്സ് ആയപ്പോഴേക്കും ജപ്പാൻ വീണു; കൊറിയ മോചിപ്പിക്കപ്പെട്ടു. അത് അസ്തിത്വ പ്രതിസന്ധിയുടെ കാലമായിരുന്നു. കൊറിയ വിഭജിക്കപ്പെട്ടു. കമ്മ്യൂണിസ്റ്റുകളുടെ നേതൃത്വത്തിലുള്ള ഉത്തരകൊറിയയും അമേരിക്കൻ പിന്തുണയോടെ ദക്ഷിണ കൊറിയയും തമ്മിലുള്ള പതിറ്റാണ്ടുകൾ നീണ്ട യുദ്ധത്തിനും സംഘർഷത്തിനും തുടക്കമായി. പിതാവിന്റെ ബിസിനസ് തകർന്നു. സൗകര്യങ്ങളുള്ള വീട്ടിൽ നിന്ന് ഒറ്റമുറി താമസ സ്ഥലത്തേക്കു പറിച്ചുമാറ്റപ്പെട്ടു.യൗവ്വനത്തിൽ തന്നെ വൃദ്ധനും അവശനുമായി പിതാവ് നാൽപത്തിഒമ്പതാം വയസ്സിൽ മരിച്ചു. ഉത്തര കൊറിയയു‌ടെ ആക്രമണത്തിൽ നിന്നു രക്ഷപ്പെട്ട അഭയാർഥികൾ പാർക്കുന്ന ഗ്രാമത്തിൽ കൗമാരവും യൗവ്വനവും. ഓരോ ദിവസവും പുലർന്നത് ഉറ്റവരുടെ മരണ വാർത്തകളുമായി. നാശനഷ്ടങ്ങളുമായി. അതിജീവിക്കാൻ, തൊട്ടടുത്ത ദിവസം പോലും സ്വപ്നം കാണാൻ കഴിയാത്ത ദിവസങ്ങൾ. 1951 ൽ കമ്മ്യൂണിസ്റ്റ് വിരുദ്ധർ എന്നു മുദ്ര കുത്തി ഉത്തര കൊറിയ വെടിവച്ചു കൊന്ന ആയിരത്തോളം പേരിൽ റീയുടെ അടുത്ത ബന്ധുക്കളുമുണ്ടായിരുന്നു.

റീ ജനാധിപത്യ പോരാളിയായി. സ്വന്തം രാജ്യത്തെ സാമ്രാജ്യത്വ ശക്തികൾക്കെതിരെ പോരാടുന്ന സമരഭടനായി. യൂണിവേഴ്സിറ്റി വിദ്യാർഥിയായിരിക്കെ ഏപ്രിൽ വിപ്ലവത്തിൽ സജീവമായി പങ്കെടുത്തു. വിദ്യാഭ്യാസം പൂർത്തിയാക്കി ഡോക്ടറായി പ്രാക്ടീസ് ചെയ്യേണ്ട അദ്ദേഹം ഇരുപത്തിനാലാം വയസ്സിൽ ജയിലിലായി. തടവു കഴിഞ്ഞു പുറത്തുവന്നപ്പോഴേക്കും സ്വപ്നങ്ങൾ തകർക്കപ്പെട്ടതായി അദ്ദേഹം തിരിച്ചറിഞ്ഞു. വിദേശത്തു പോയി പഠിക്കുക എന്നതായിരുന്നു ആഗ്രഹം. എന്നാൽ, തടവുശിക്ഷ അനുഭവിച്ച വ്യക്തി എന്ന നിലയിൽ അതിനുള്ള അനുവാദം ലഭിച്ചില്ല. നിർബന്ധിത സൈനിക സേവനത്തിന് നിയോഗിക്കപ്പെട്ടു. അ‌ടുത്ത മൂന്നു വർഷം സൈനികരുടെ ശുശ്രൂഷയായി ലോകം.

തിരിച്ചുവന്ന റീ, മാനസിക അസ്വാസ്ഥ്യം അനുഭവിക്കുന്നവരെ പാർപ്പിക്കുന്ന അഭയകേന്ദ്രത്തിലേക്കാണു പോയത്. തന്റെ സേവനം അവിടെയാണ് ആവശ്യം എന്നദ്ദേഹം മനസ്സിലാക്കി. ക്രൂരമായ ചികിത്സാ വിധികളും പീഡനങ്ങളും അനുഭവിക്കുന്ന മാനസിക രോഗികൾക്ക് ദൈവദൂതനായി. അനുഭവങ്ങൾ ക്രൂരമായേക്കാം. വേണ്ടപ്പെട്ടവർ വിട്ടുപോയേക്കാം. എല്ലാം നഷ്ടപ്പെട്ടെന്ന നിരാശ തോന്നിയേക്കാം. ഇതാണ് അവസാനം എന്ന് ഉറപ്പിക്കുന്ന നിമിഷം വന്നേക്കാം. എന്നാൽ റീ പറയുന്നതു കേൾക്കൂ: അവസാന പേജ് വരെ തീർച്ചയായും വായിക്കേണ്ട പുസ്തകമാണ് ജീവിതം. പാതിവഴിയിൽ ഉപേക്ഷിക്കേണ്ടതല്ല. വരാനിരിക്കുന്നത് എന്താണെന്ന് ആർക്കു പറയാനാകും.

ഒന്നിനു പിന്നാലെ ഒന്നായി മോശം അനുഭവങ്ങളിലൂടെ കടന്നുപോയ മനുഷ്യനാണു പറയുന്നത്. മാനസിക രോഗ വിദഗ്ധനായി സേവനം അനുഷ്ഠിക്കവെ ഉണ്ടായ ഒരു സംഭവം ഒരിക്കലും മറക്കില്ല. അദ്ദേഹം തന്നെ ചികിത്സിച്ചു രോഗം മാറ്റിയ ഒരു യുവതി. അവരെ മാനസിക രോഗ കേന്ദ്രത്തിൽ നിന്നു പുറത്തുവിടാൻ എല്ലാ ഒരുക്കങ്ങളും പൂർത്തിയായിരുന്നു. സാധാരണ ജീവിതത്തിന് അർഹയെന്ന സാക്ഷ്യപത്രം ലഭിച്ച ദിവസം തന്നെയാണ് അവർ അപ്രതീക്ഷിതമായി ജീവനൊടുക്കിയത്! അതുവരെ നടത്തിയ എല്ലാ ചികിത്സയും പരിശ്രമങ്ങളും ഒറ്റ നിമിഷത്തിൽ ഇല്ലാതായി.

പശ്ചാത്തപിക്കാത്ത ജീവിതം ജീവിതമേയല്ല: റീ പറയുന്നു. തെറ്റു പറ്റാത്ത ഒരാൾ പോലുമില്ല. തിരിഞ്ഞുനോക്കൂ. പശ്ചാത്തപിക്കൂ. എത്രയോ പേരോട് മോശമായി പെരുമാറിയിട്ടുണ്ടാവും. ദുഃഖിക്കൂ. എന്തെല്ലാം തെറ്റുകൾ ചെയ്തിട്ടുണ്ടാവും. തെറ്റുകൾ ഏറ്റു പറയൂ. മുന്നോട്ടു നോക്കൂ. പ്രകാശം തെളിയുന്നത് വീണ്ടും കാണാനാകും.

കൗമാരത്തിൽ പരിചയപ്പെട്ട കൂട്ടുകാരിയെതന്നെയാണ് റീ വിവാഹം കഴിച്ചത്. ദീർഘ ദാമ്പത്യത്തിന്റെ സന്തോഷവും സംതൃപ്തിയും ആവോളം അനുഭവിച്ചു. മക്കളും കൊച്ചുമക്കളുമുണ്ട്. എന്നാൽ ഭാഗ്യത്തിൽ അദ്ദേഹത്തിന് വലിയ വിശ്വാസമൊന്നുമില്ല. മാറുന്ന സാഹചര്യങ്ങളുമായി ഇഴുകിച്ചേരാനുള്ള കഴിവാണ് ഓരോ വ്യക്തിയെയും വ്യത്യസ്തനാക്കുന്നതെന്ന് അദ്ദേഹം ഉറച്ചുവിശ്വസിക്കുന്നു. അനുഭവങ്ങളിൽ നിന്ന് പാഠം പഠിക്കാൻ കഴിഞ്ഞാൽ, ജീവിതം മെച്ചപ്പെട്ടതാക്കാൻ തീർച്ചയായും കഴിയും. ഭാഗ്യം സംഭവിക്കുന്നതല്ല. സൃഷ്ടിക്കുന്നതാണ്. അനുഭവങ്ങൾ തന്നെയാണ് ഏറ്റവും വലിയ ഗുരു.

മറ്റുള്ളവരുടെ മൂല്യവ്യവസ്ഥയല്ല നിങ്ങൾക്കു പാഠമാകേണ്ടത്. ജീവിതത്തിന്റെ പുസ്തകം നിങ്ങൾ തന്നെയാണ് എഴുതേണ്ടത്. ഇഷ്ടങ്ങളെ ഉപേക്ഷിക്കേണ്ടതില്ല. പ്രചോദിപ്പിക്കുന്നതെന്തെന്ന് കണ്ടെത്തണം. സ്വപ്നങ്ങളിലെ ജീവിതം തന്നെയാണ് സാക്ഷാത്കരിക്കേണ്ടത്. ലോകത്തെ പഴിക്കാതെ, മറ്റുള്ളവരെ കുറ്റപ്പെടുത്താതെ, സ്വന്തം ജീവിതം സ്വയം കണ്ടെത്തൂ.

അമിതമായി ചിന്തിച്ചാൽ ആരും ഒന്നും ചെയ്യാത്തവരായി മാറും. ജീവിതത്തെ ലളിതമായി കാണൂ. ചുറ്റുമുള്ള കഴിയുന്നത്ര പേരെ സഹായിക്കൂ. സഹകരിക്കൂ. ഒറ്റപ്പെട്ടതായി, തനിച്ചാണെന്ന് ഒരിക്കലും നിരാശപ്പെടേണ്ടിവരില്ല. പങ്കുവയ്ക്കാൻ ധനികനാകണമെന്നില്ല. എത്ര ചെറിയ കാര്യവുമായിക്കോട്ടെ. സഹായിക്കാനും സഹകരിക്കാനുമുള്ള മനസ്സാണു വേണ്ടത്.

സന്തോഷം എന്നതൊരു മിഥ്യയാണ്. സന്തോഷം തേടി ആരും എങ്ങും പരക്കം പായേണ്ടതില്ല. ദൈനംദിന ജീവിതത്തിൽ തന്നെയാണ് സ്നേഹവും സന്തോഷവും കാത്തിരിക്കുന്നത്. അന്വേഷണം മതിയാക്കി ജീവിക്കാൻ തുടങ്ങുമ്പോൾ സന്തോഷവാനാണെന്ന് സ്വയം കണ്ടെത്തും. അതു തന്നെയാണു ജീവിതത്തിലെ ഏറ്റവും വലിയ നിമിഷം. മറ്റൊരു മന്ത്രവും ജീവിതത്തിൽ ആവശ്യമേയില്ലെന്ന് റീ തറപ്പിച്ചു പറയുന്നു.

ഓരോ ദിവസത്തെയും നല്ല നിമിഷങ്ങളെ വെറുത്ത് അസാധാരണമായതു സംഭവിക്കാനും മഹത്തായ നിമിഷത്തിനും വേണ്ടിയുള്ള കാത്തിരിപ്പ് വെറുതെയാണ്. സന്തോഷം ഈ നിമിഷത്തിലാണ്. ചുറ്റുമുള്ളവരിലാണ്. അതു കാണാതെ കണ്ണടയ്ക്കുന്നവർക്ക് ജീവിതം നഷ്ടമായേക്കാം. കുറ്റപ്പെടുത്തുന്നത് അവസാനിപ്പിക്കൂ. നിരാശനാകുന്നത് നിർത്തൂ. ചുറ്റും നോക്കൂ. സന്തോഷത്തിന് ഒരു കുറവുമില്ലന്ന് അനുഭവപ്പെടും എന്നാണു റീ പറയുന്നത്. ശരിയായിരിക്കാം. പരീക്ഷിച്ചാലോ….. (അവലംബം – മനോരമ ഓൺലൈൻ)