1993-96 കാലത്താണ് ‘ആഗ്ര’ എയര്‍ ഇന്ത്യയുടെ ഭാഗമാകുന്നത്. ഡല്‍ഹിയില്‍നിന്ന് മുംബൈയിലേക്ക് 2021 മാര്‍ച്ചിലായിരുന്നു ആഗ്രയുടെ അവസാന സര്‍വീസ്. 2022-ല്‍ ഡയറക്ടറേറ്റ് ജനറല്‍ ഓഫ് സിവില്‍ ഏവിയേഷന്‍ രജിസ്‌ട്രേഷന്‍ പിന്‍വലിച്ച വിമാനം ഹോംഗ്രൗണ്ടായ മുംബൈയില്‍ അനാഥമായി കിടക്കുകയായിരുന്നു.
ഒരു യുഗത്തിന് അന്ത്യം! ആകാശത്തിലെ രാജ്ഞിയെന്ന് അറിയപ്പെട്ടിരുന്ന ബോയിങ് 747-ന് വിട നല്‍കി എയര്‍ ഇന്ത്യ. നാലു ദശാബ്ദത്തോളം എയര്‍ ഇന്ത്യയുടെ ഭാഗമായിരുന്ന ‘ആഗ്ര’ എന്ന് വിളിപ്പേരുള്ള ബോയിങ് 747 ജംബോ വിമാനം മുംബൈ ഛത്രപതി ശിവജി വിമാനത്താവളത്തില്‍ നിന്ന് പറന്നുയര്‍ന്നതോടെ അവസാനിച്ചത് ഇന്ത്യന്‍ വ്യോമയാന ചരിത്രത്തിലെ തിളക്കമുള്ള ഒരു ഏടാണ്. പൊളിച്ച് ഘടകഭാഗങ്ങള്‍ എടുക്കുന്നതിനായി യു.എസിലെ പ്ലെയിന്‍ ഫീല്‍ഡിലേക്കാണ് വിമാനം കൊണ്ടുപോയത്. 1993-96 കാലത്താണ് ‘ആഗ്ര’ എയര്‍ ഇന്ത്യയുടെ ഭാഗമാകുന്നത്. ഡല്‍ഹിയില്‍നിന്ന് മുംബൈയിലേക്ക് 2021 മാര്‍ച്ചിലായിരുന്നു ആഗ്രയുടെ അവസാന സര്‍വീസ്. 2022-ല്‍ ഡയറക്ടറേറ്റ് ജനറല്‍ ഓഫ് സിവില്‍ ഏവിയേഷന്‍ രജിസ്‌ട്രേഷന്‍ പിന്‍വലിച്ച വിമാനം ഹോംഗ്രൗണ്ടായ മുംബൈയില്‍ അനാഥമായി കിടക്കുകയായിരുന്നു. ചരിത്രപ്രാധാന്യം കണക്കിലെടുത്ത് മ്യൂസിയത്തിലേക്കു മാറ്റണമെന്ന് നിര്‍ദേശങ്ങളുണ്ടായിരുന്നുവെങ്കിലും നടപ്പായില്ല.
1971-ലാണ് എയര്‍ ഇന്ത്യ ആദ്യമായി ബോയിങ് 747 ജംബോ ജെറ്റുകള്‍ സ്വന്തമാക്കുന്നത്. അന്ന് മുതല്‍ രാജ്യത്തിന്റെ തന്നെ അഭിമാനമായിരുന്നു ഈ വിമാനങ്ങള്‍. ഇന്ത്യന്‍ വ്യോമയാന മേഖലയ്ക്ക് വലിയ ഉണര്‍വായിരുന്നു ബോയിങ് 747. എണ്ണമറ്റ ഇന്ത്യക്കാരുടെ പറക്കാനുള്ള അഭിലാഷങ്ങൾക്ക് അത് ചിറകുനല്‍കി. രക്ഷാപ്രവര്‍ത്തനങ്ങളില്‍ പങ്കാളിയായി. രാഷ്ട്രപതിമാരുടെയും പ്രധാനമന്ത്രിമാരുടെയും വിദേശയാത്രകളില്‍ ഒപ്പമുണ്ടായിരുന്നു. വിവിധ കാലത്തായി 28 ബോയിങ് 747 വിമാനങ്ങളാണ് ഇന്ത്യയില്‍ രജിസ്റ്റര്‍ ചെയ്തത്. കാലക്രമേണ പഴയ മോഡലുകള്‍ ഒഴിവാക്കിയതോടെ നാല് 747-400 വിമാനങ്ങളാണ് അവശേഷിച്ചത്. ഈ നാലു വിമാനങ്ങളും അമേരിക്കന്‍ കമ്പനിയായ എയര്‍സെയിലാണ് വാങ്ങിയത്. രണ്ട് വിമാനങ്ങള്‍ പൊളിച്ച് ഒഴിവാക്കുമ്പോൾ രണ്ടെണ്ണം ചരക്ക് വിമാനങ്ങളായി രൂപപ്പെടുത്തും. അമേരിക്കന്‍ വിമാനനിര്‍മാണ കമ്പനിയായ ബോയിങ് രൂപകല്‍പ്പന ചെയ്ത് നിര്‍മിച്ച ഈ വിമാനത്തിന് കഥകള്‍ ഒരുപാടുണ്ട് പറയാന്‍…
ജോസഫ് സട്ടര്‍ രൂപകല്‍പ്പന ചെയ്ത വിമാനം
അമേരിക്കന്‍ വിമാനനിര്‍മാണ കമ്പനിയായ ബോയിങ് രൂപകല്‍പ്പന ചെയ്യുകയും നിര്‍മിക്കുകയും ചെയ്ത വിമാനമാണ് ബോയിങ് 747. വിമാനയാത്രക്കാരുടെ എണ്ണം കൂടിക്കൊണ്ടിരുന്ന 1960-കളിലാണ് ബോയിങ് 747 നിര്‍മിക്കുന്നത്. കൂടുതല്‍ യാത്രക്കാരെ ഉള്‍ക്കൊള്ളുന്ന ഒരു വിമാനത്തിന്റെ സാധ്യതയെക്കുറിച്ച് പാന്‍ അമേരിക്കന്‍ എയര്‍വെയ്‌സാണ് ബോയിങ്ങിനോട് ആരായുന്നത്. അക്കാലത്ത് പാന്‍ അമേരിക്കന്‍ എയര്‍വെയ്‌സിന് അവരുടെ സീറ്റ് നിരക്ക് 30 ശതമാനം കുറയ്ക്കാന്‍ വലിപ്പമുള്ള ഒരു ജെറ്റ് ആവശ്യമായിരുന്നു. അങ്ങനെയാണ് നാല് എന്‍ജിനും ആറ് നില കെട്ടിടത്തിന്റെ ഉയരവും രണ്ട് ഡക്കുകളുമുള്ള വമ്പന്‍ വിമാനം ബോയിങ് നിര്‍മിക്കുന്നത്. ഇതിഹാസ എയറോസ്പേസ് എഞ്ചിനീയറായ ജോസഫ് സട്ടറും അദ്ദേഹത്തിന്റെ സംഘവുമാണ് ബോയിങ് 747 രൂപകല്പന ചെയ്തത്. യാത്രാവിമാനം എന്നതിന് പുറമേ, ചരക്ക് കൊണ്ടുപോകാനും കഴിയണമെന്ന ഉദ്ദേശ്യത്തോടെയായിരുന്നു രൂപകല്പന. 1969-ലാണ് ബോയിങ് 747-ന്റെ ആദ്യ പരീക്ഷണപ്പറക്കല്‍ നടത്തുന്നത്. 1970 ജനുവരി 22-ന് പാന്‍ അമേരിക്കന്‍ എയര്‍വെയ്‌സിന് വേണ്ടി ന്യൂയോര്‍ക്കില്‍ നിന്ന് ലണ്ടന്‍ റൂട്ടിലായിരുന്നു യാത്രക്കാരെയും വഹിച്ചുകൊണ്ടുള്ള കന്നിയാത്ര. അന്നുമുതല്‍ ഇന്നുവരെ 747-ന്റെ 1574 വിമാനങ്ങള്‍ ബോയിങ് നിര്‍മിച്ചു.
വലിയ ജനപ്രീതിയാണ് ബോയിങ് 747-ന് ലഭിച്ചത്. ‘ആകാശത്തിന്റെ റാണി’യെന്നു വിളിക്കപ്പെട്ടു. ആകൃതിയുടെ സവിശേഷതകൊണ്ട് ‘തിമിംഗില’മെന്നും പേരുകിട്ടി. അമേരിക്കന്‍ പ്രസിഡന്റിന്റെ എയര്‍ഫോഴ്‌സ് വണ്‍ വിമാനമായും നാസയുടെ വ്യോമപേടകവാഹിനിയായും ഒരേസമയം അഞ്ഞൂറിലേറെ യാത്രക്കാരെ വഹിക്കുന്ന ജംബോ ജെറ്റായും 747 മാറി. പതിറ്റാണ്ടുകളായി യു.എസ്. പ്രസിഡന്റുമാരെ ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ എത്തിക്കുന്ന എയര്‍ഫോഴ്സ് വണ്‍ സൈനിക പദവിയുള്ള 747-ന്റെ പ്രത്യേക പതിപ്പാണ്. 2005 നവംബറില്‍ ബോയിങ് 747-8 എന്ന പേരില്‍ ഒരു വേരിയന്റ് പ്രഖ്യാപിച്ചു. 747-8 അധികവും ചരക്ക് വിമാനമായാണ് ഉപയോഗിച്ചത്. ഇതിനിടെ 2009-ല്‍ അവസാന 747-400 പുറത്തിറങ്ങി. 2022-ല്‍ ബോയിങ് 747 ജംബോ ജെറ്റ് നിര്‍മാണം അവസാനിപ്പിച്ചു. അമേരിക്കന്‍ വിമാനക്കമ്പനിയായ അറ്റ്ലസ് എയറിന് വേണ്ടിയാണ് അവസാനത്തെ വിമാനം നിർമിച്ചത്.
എയര്‍ ഇന്ത്യയുടെ ബോയിങ് 747
1971-ലാണ് എയര്‍ ഇന്ത്യ അതിന്റെ ആദ്യ ബോയിങ് 747 ജംബോ ജെറ്റ് സ്വന്തമാക്കുന്നത്. ബോയിങ് 747-ന്റെ വരവ് എയര്‍ ഇന്ത്യയെ സംബന്ധിച്ചിടത്തോളം ഒരു സുപ്രധാന നാഴികക്കല്ലായിരുന്നു. അക്കാലത്ത് എയര്‍ ഇന്ത്യ ഒരു മികച്ച വിമാനക്കമ്പനിയായി പേരെടുത്തിരുന്നുവെങ്കിലും ബോയിങ് 747-ന്റെ വരവ് ഒരു ആഡംബര സര്‍വീസ് എന്ന നിലയിലുള്ള അവരുടെ സ്ഥാനം കൂടുതല്‍ ഉറപ്പിക്കുന്നതായിരുന്നു. ബോയിങ് 747-ന്റെ വലിപ്പം ദീര്‍ഘദൂര യാത്രകള്‍ കൂടുതല്‍ സുഖകരമാക്കി. തുടക്കത്തില്‍ ബ്രിട്ടനിലേക്കുള്ള സര്‍വീസിനായാണ് എയര്‍ ഇന്ത്യ ബോയിങ് 747 വിന്യസിച്ചത്. താമസിയാതെ ജനപ്രിയമായ ലണ്ടന്‍-ന്യൂയോര്‍ക്ക് സെക്ടറില്‍ ഇത് അവതരിപ്പിച്ചു. അക്കാലത്ത് ബോയിങ് 747 ഉപയോഗിച്ച് ലണ്ടനും ന്യൂയോര്‍ക്കിനുമിടയില്‍ പ്രതിദിന സര്‍വീസ് നടത്തിയിരുന്ന നാല് വിമാനക്കമ്പനികളിലൊന്നായിരുന്നു എയര്‍ ഇന്ത്യ. ഈ പ്രധാന റൂട്ടിലെ ബോയിങ് 747 സര്‍വീസ് എയര്‍ ഇന്ത്യയുടെ അന്താരാഷ്ട്ര പ്രതിച്ഛായയ്ക്ക് വലിയ തോതിലാണ് ഗുണം ചെയ്തത്. ന്യൂയോര്‍ക്ക് ടൈംസിലെ പതിവ് ഫുള്‍ പേജ് പരസ്യങ്ങള്‍ ഉള്‍പ്പെടെ പ്രചാരണത്തിനായി എയര്‍ലൈന്‍ സാധ്യമായതെല്ലാം ചെയ്തിരുന്നു.
ഇന്ത്യയുടെ സമ്പന്നമായ സാംസ്‌കാരിക-പൈതൃകം പ്രതിഫലിപ്പിക്കുന്ന തരത്തില്‍ ഓരോ വിമാനത്തിനും പേര് നല്‍കിയിരുന്നു. ആദ്യത്തെ കുറച്ച് 747 വിമാനങ്ങള്‍ക്ക് പ്രശസ്തരായ ഇന്ത്യന്‍ ചക്രവര്‍ത്തിമാരുടെ പേരു നല്‍കി. ആദ്യത്തേത് എംപറർ അശോക ആയിരുന്നു. പിന്നെ കനിഷ്‌ക, രാജേന്ദ്ര ചോള, അക്ബര്‍ എന്നിങ്ങനെയായിരുന്നു മറ്റ് പേരുകള്‍. ആഡംബരം ഉറപ്പാക്കിക്കൊണ്ട് എയര്‍ ഇന്ത്യയുടെ ആര്‍ട്ട് ഡിപ്പാര്‍ട്ട്മെന്റ് ഈ വിമാനങ്ങളുടെ ഇന്റീരിയര്‍ സൂക്ഷ്മമായി രൂപകല്‍പ്പന ചെയ്തിരുന്നു. വിശാലമായ ലോഞ്ചുകളും ബാറുകളും പോലുള്ള സൗകര്യങ്ങളും അതിലുണ്ടായിരുന്നു. എഴുപതുകളില്‍ ഇത് തികച്ചും വിപ്ലവകരമായിരുന്നു. അക്കാലത്ത് ആതിഥ്യമര്യാദയ്ക്ക് പേരുകേട്ട എയര്‍ ഇന്ത്യ വസന്തം, വേനല്‍, ശരത്കാലം, ശൈത്യം എന്നീ നാല് ഋതുക്കൾ അടിസ്ഥാനമാക്കി സവിശേഷമായ മെനുവും ഒരുക്കിയിരുന്നു. ഇതിനൊപ്പം മുകളിലെ ഡെക്ക് ആഡംബരപൂര്‍ണമായ ‘മഹാരാജ’ ലോഞ്ചുകളാക്കി മാറ്റുകയും ചെയ്തു.
31 ബോയിങ് 747 വിമാനങ്ങളാണ് എയര്‍ ഇന്ത്യ സര്‍വീസുകള്‍ക്കായി ഉപയോഗിച്ചത്. ഇതില്‍ 28 എണ്ണം ഇന്ത്യയില്‍ തന്നെ രജിസ്റ്റര്‍ ചെയ്തവയായിരുന്നു. ഇതില്‍ 12 എണ്ണം ബോയിങ് 747-200 മോഡലും രണ്ട് എണ്ണം 747-300 മോഡലുമായിരുന്നു. 747-ന്റെ ഏറ്റവും വിജയകരമായ പതിപ്പായ 747-400-ന്റെ 14 വിമാനങ്ങളും എയര്‍ ഇന്ത്യയുടെ കൈവശമുണ്ടായിരുന്നു. 747-200, 747-300 മോഡലുകള്‍ ക്രമേണ ഒഴിവാക്കി. തുടര്‍ന്നാണ് കൂടുതല്‍ നൂതനമായ 747-400 പതിപ്പ് കൊണ്ടുവരുന്നത്. ഇത് പ്രീമിയം കാരിയര്‍ എന്ന നിലയില്‍ എയര്‍ ഇന്ത്യയുടെ പ്രശസ്തി വര്‍ധിപ്പിച്ചു. 747-400 നാല് വിമാനങ്ങളാണ് ഒടുവില്‍ എയര്‍ ഇന്ത്യയുടെ പക്കല്‍ ശേഷിച്ചത്. ഇവയാണ് ഇപ്പോള്‍ എയർസെയിലിന് കൈമാറിയത്.
ഇന്ത്യയും ബോയിങ് 747 ജംബോ ജെറ്റും
1971-ല്‍ എയര്‍ ഇന്ത്യ ആദ്യത്തെ ബോയിങ് 747 സര്‍വീസിനായി കൊണ്ടുവന്നപ്പോള്‍ അത് ഒരു ഗെയിം ചേഞ്ചറായിരുന്നു. ദീര്‍ഘദൂര യാത്രകള്‍ ജനങ്ങള്‍ക്ക് കൂടുതല്‍ പ്രാപ്യമായ ഒരു ‘പുതിയ’ കാലഘട്ടത്തിലേക്കുള്ള ധീരമായ ചുവടുവെപ്പായിരുന്നു അത്. 1960-കളുടെ അവസാനത്തില്‍ ഇന്ത്യയ്ക്ക് പുറത്തേക്ക് മെച്ചപ്പെട്ട ജീവിതം തേടി പറന്ന മധ്യവര്‍ഗത്തിന്റെ യാത്ര സ്വപ്‌നങ്ങള്‍ക്ക് ചിറക് പകര്‍ന്നത് എയര്‍ ഇന്ത്യയായിരുന്നു. 1960-കളുടെ അവസാനത്തില്‍ കുതിച്ചുയര്‍ന്ന വിമാനയാത്രക്കാരെ എയര്‍ ഇന്ത്യയ്ക്ക് ഗുണകരമായി ഉപയോഗപ്പെടുത്താന്‍ സാധിച്ചു. മിതമായ നിരക്കില്‍ ഭൂഖണ്ഡങ്ങളിലുടനീളം യാത്രക്കാരെ എത്തിക്കാന്‍ ഈ വിമാനം എയര്‍ ഇന്ത്യയയെ സഹായിച്ചു. ബോയിങ് 747 ഇന്ത്യന്‍ വ്യോമയാന മേഖലയ്ക്ക് വലിയ തോതില്‍ ഗുണകരമായി. ഇന്ത്യക്കാരുടെ പറക്കാനുള്ള അഭിലാഷങ്ങൾക്ക് അത് ചിറകുനല്‍കി. വിവിധ രക്ഷാപ്രവര്‍ത്തനങ്ങളിൽ പങ്കാളിയായി. രാഷ്ട്രപതിമാരുടെയും പ്രധാനമന്ത്രിമാരുടെയും വിദേശയാത്രകളില്‍ ഒപ്പം ചേർന്നു.
പൂർണമായല്ലെങ്കിലും വിമാനയാത്ര സാധാരണക്കാരില്‍ എത്തിക്കാന്‍ ബോയിങ് 747 വിമാനങ്ങള്‍ക്ക് സാധിച്ചു. അക്കാലത്തെ എയര്‍ ഇന്ത്യയുടെ മുന്‍ വിമാനങ്ങളെ അപേക്ഷിച്ച് 747 ഇന്ധനക്ഷമതയുള്ള വിമാനമായിരുന്നു. ഇത് സര്‍വീസുകളുടെ ചെലവ് കുറച്ചു. ഇത് ടിക്കറ്റ് നിരക്കില്‍ പ്രതിഫലിക്കുകയും കൂടുതല്‍ ആളുകള്‍ വിമാനം ഉപയോഗിക്കുകയും ചെയ്തു. നിര്‍ഭാഗ്യവശാല്‍ എയര്‍ ഇന്ത്യയുടെ 747 വിമാനങ്ങളില്‍ മൂന്നെണ്ണം അപകടങ്ങളില്‍പെട്ടിരുന്നു. എംപറര്‍ അശോക എന്ന് പേരിട്ട 747-200 എന്ന ജംബോ ഉള്‍പ്പെട്ടതാണ് ആദ്യത്തെ ക്രാഷ്. 1978-ല്‍ വിമാനം മുംബൈ തീരത്ത് തകര്‍ന്നു വീണു. ഇന്ത്യന്‍ ചരിത്രത്തിലെ ഏറ്റവും കുപ്രസിദ്ധമായ അട്ടിമറികളിലൊന്നായ കനിഷ്‌ക ദുരന്തത്തില്‍പ്പെട്ടതും ബോയിങ് 747 തന്നെയാണ്. ബോയിങ് 747-200 1985-ല്‍ സിഖ് തീവ്രവാദികള്‍ സ്ഥാപിച്ച ബോംബ് പൊട്ടിത്തെറിച്ച് ഐറിഷ് തീരത്തിന് സമീപം തകര്‍ന്നു വീണ് 329 പേരാണ് കൊല്ലപ്പെട്ടത്. 1990-ല്‍ ഒരു ബോയിങ് 747-200 ഡല്‍ഹിയില്‍ ലാന്‍ഡ് ചെയ്യുമ്പോള്‍ എഞ്ചിന്‍ തകരാറിലാവുകയും തീപിടിക്കുകയും ചെയ്തു. ഈ നിര്‍ഭാഗ്യകരമായ സംഭവങ്ങള്‍ക്കിടയിലും ബോയിങ് 747-ന്റെ സുരക്ഷാ റെക്കോഡ് പ്രശംസനീയമായിരുന്നു.
അരങ്ങൊഴിയുന്ന ബോയിങ് 747
എയര്‍ബസ് 380 വരുംവരെ ബോയിങ് 747 ആയിരുന്നു ഏറ്റവും വലിയ യാത്രാവിമാനം. കൂടുതല്‍ ഇന്ധനക്ഷമതയും പറക്കല്‍ശേഷിയുമുള്ള വിമാനങ്ങള്‍ വന്നതോടെ ബോയിങ് 747 -നോട് വിമാനക്കമ്പനികള്‍ക്ക് താത്പര്യം കുറഞ്ഞു. തൊണ്ണൂറുകളുടെ മധ്യത്തില്‍ ബോയിങ് തന്നെ കൂടുതല്‍ നൂതനമായ രണ്ട് എഞ്ചിനുകളുള്ള വിമാനം അവതരിപ്പിച്ചു. 2000-ന് ശേഷം വിമാനക്കമ്പനികള്‍ കൂടുതല്‍ ദൂരത്തേക്ക് പറക്കാന്‍ ശേഷിയും കാര്യക്ഷമവുമായ രണ്ട് എഞ്ചിന്‍ വിമാനങ്ങളിലേക്ക് മാറാന്‍ ആരംഭിച്ചു. ചെറുവിമാനങ്ങള്‍വഴി ചെറിയ നഗരങ്ങള്‍ക്കിടയില്‍ നേരിട്ടുള്ള അന്താരാഷ്ട്ര റൂട്ടുകളില്‍ യാത്ര എയര്‍ലൈനുകള്‍ക്ക് സാധ്യമാക്കി. ഇതിനൊപ്പം എയര്‍ബസ് എ 380-ല്‍ നിന്നും ബോയിങ് 747-ന് മത്സരം നേരിടേണ്ടി വന്നു. ഇതോടെ യാത്രാവിമാനം എന്ന നിലയിലുള്ള ബോയിങ് 747-ന്റെ പ്രാധാന്യം കുറഞ്ഞു. 2010-കളുടെ തുടക്കത്തില്‍ ബോയിങ് അവസാന മോഡലായ 747-8 അവതരിപ്പിച്ചു. ഇതും വിമാനക്കമ്പനികള്‍ ചരക്ക് നീക്കത്തിനാണ് അധികമായി ഉപയോഗിച്ചത്. 2017-ല്‍ 747 യാത്രാവിമാനമായി ഉപയോഗിക്കുന്നത് യു.എസ്. നിര്‍ത്തി. പിന്നീട് ചരക്ക് വിമാനമായി മാത്രമാണ് ഇത് പയോഗിച്ചിരുന്നത്. അറ്റ്ലസ് എയര്‍ അവസാന 747 വാങ്ങിയതു ചരക്കുവിമാനമെന്നനിലയിലാണ്. ലോകത്തിലെ വിവിധ വിമാനക്കമ്പനികൾ 415 ബോയിങ് 747 വിമാനങ്ങൾ നിലവിൽ ഉപയോഗിക്കുന്നുണ്ട്. ഇതിൽ 236 എണ്ണവും 747-400 വകഭേദമാണ്.
എയര്‍ ഇന്ത്യയുടെ അഭിമാനമായിരുന്നു ബോയിങ് 747- 400 വിഭാഗത്തിലുള്ള ഈ വിമാനം. നാലുവിമാനങ്ങളും 1993-96 കാലത്താണ് എയര്‍ ഇന്ത്യയുടെ ഭാഗമായത്. ഡല്‍ഹിയില്‍നിന്ന് മുംബൈയിലേക്ക് 2021 മാര്‍ച്ചിലായിരുന്നു ആഗ്രയുടെ അവസാന സര്‍വീസ്. ലോകമെമ്പാടുമുള്ള വിമാനക്കമ്പനികള്‍ ബോയിങ് 747 ഒഴിവാക്കിയതോടെ എയര്‍ ഇന്ത്യയും തങ്ങളുടെ നാല് ശേഷിക്കുന്ന 747-400 വിമാനങ്ങളെ ഒഴിവാക്കി. ലാഭകരമല്ലാത്തതിനാലാണ് ഈ വിമാനങ്ങള്‍ ഒഴിവാക്കാന്‍ എയര്‍ ഇന്ത്യ തീരുമാനിച്ചത്. എയര്‍ ഇന്ത്യയുടെ കൈവശമുള്ള 40 വര്‍ഷത്തോളം പഴക്കമുള്ള ഈ വിമാനങ്ങള്‍ക്ക് ഇന്ധനക്ഷമത കൂടിയ പുതിയവിമാനങ്ങളെ അപേക്ഷിച്ച് പ്രവര്‍ത്തനച്ചെലവ് കൂടുതലാണ്. 2022-ല്‍ ഡയറക്ടറേറ്റ് ജനറല്‍ ഓഫ് സിവില്‍ ഏവിയേഷന്‍ ഇവയുടെ രജിസ്‌ട്രേഷന്‍ പിന്‍വലിച്ചു. ഇതോടെ വിമാനം ഹോംഗ്രൗണ്ടായ മുംബൈയില്‍ പൊടിപിടിച്ചുകിടക്കുകയായിരുന്നു. പാരമ്പര്യം കണക്കിലെടുത്ത് മ്യൂസിയത്തിലേക്കു മാറ്റണമെന്ന് നിര്‍ദേശങ്ങളുണ്ടായിരുന്നു. പക്ഷേ, വിറ്റ് ഒഴിവാക്കാനാണ് എയര്‍ ഇന്ത്യ തീരുമാനിച്ചത്. അമേരിക്കന്‍ കമ്പനിയായ എയര്‍സെയിലാണ് ഈ വിമാനങ്ങള്‍ വാങ്ങിയത്. ഈ ശ്രേണിയിലെ മറ്റ് വിമാനങ്ങളും അധികം വൈകാതെ മുംബൈ വിടും. – (അവലംബം – മാതൃഭൂമി ഓൺലൈൻ)