ഇന്നത്തെ കാലഘട്ടത്തിന്റെ ഗതി മാറ്റുന്നവരാണ് ജെൻ ഇസെഡ് ജനറേഷനിലുള്ളവർ. സമൂഹത്തിലും രാഷ്ട്രീയത്തിലും സിനിമാ, തൊഴിൽ തുടങ്ങി എല്ലാമേഖലകളിലും തങ്ങളുടേതായ മുദ്ര പതിപ്പിക്കുന്നവരാണിവർ. എല്ലാ കാര്യങ്ങളിലും തങ്ങളുടെ അഭിപ്രായങ്ങളും നിർദേശങ്ങളും പങ്കുവയ്ക്കാൻ ഇവർ മടികാണിക്കാറില്ല. എന്നാൽ ആരാണീ ജെൻ ഇസെഡ് എന്നറിയാമോ? 1996നും 2010നും ഇടയിൽ ജനിച്ചവരെയാണ് ജെൻ ഇസെഡ് എന്ന് വിളിക്കുന്നത്. ഇവർക്ക് തൊട്ടുമുന്നെയുള്ള തലമുറയാണ് മില്ലെനിയൽസ്. 1981നും 1996നും ഇടയിൽ ജനിച്ചവരാണിവർ.ട്രോളുകളിലും മീമുകളും ഒക്കെ നമ്മൾ സ്ഥിരമായി കേൾക്കുന്ന ഒരു വാക്കാണ് 90സ് കിഡ്‌സ്. 90കളിൽ ജനിച്ച ഇവരിൽ മിക്കവരും മുപ്പതിനോട് അടുക്കുന്നവരാണ്. മുതിർന്നവർ ആയെന്നും പ്രായമായെന്നുമൊക്കെ 90സ് കിഡ്‌സിനെ പലരും കളിയാക്കാറുണ്ട്. എന്നാൽ ശരിക്കും പ്രായമാകുന്നത് ഇക്കൂട്ടർക്കല്ല എന്നാണ് സമൂഹമാദ്ധ്യമത്തിലെ പുതിയ ചർച്ച. ജെൻ ഇസെഡ് തലമുറ പെട്ടെന്ന് വൃദ്ധരാകുന്നുവെന്നാണ് സമൂഹമാദ്ധ്യമത്തിലെ ചൂടൻ ചർച്ച. തങ്ങളുടെ യഥാർത്ഥ വയസിനേക്കാൾ പ്രായം തോന്നിക്കുന്നുവെന്നാണ് ജെൻ ഇസെഡ് തന്നെ സാക്ഷ്യപ്പെടുത്തുന്നത്. എന്നാലിതിൽ എത്രമാത്രം സത്യമുണ്ടെന്നറിയാം.
ചർച്ചകളുടെ തുടക്കം
സോഷ്യൽ മീഡിയ ഇൻഫ്ളുവൻസറായ ജോർദാൻ ഹോലെറ്റാണ് ചർച്ചകൾക്ക് തുടക്കം കുറിച്ചത്. ജെൻ ഇസെഡ് ആയ ഇയാൾ സ്വന്തം അനുഭവം സമൂഹമാദ്ധ്യമത്തിൽ പങ്കുവച്ചത് വൈറലാവുകയായിരുന്നു. ഏഴ് ദശലക്ഷത്തിലധികം ഫോളോവേഴ്‌സുകളാണ് സമൂഹമാദ്ധ്യമത്തിൽ ജോർദാനുള്ളത്.പൊതുമദ്ധ്യത്തിൽ മാതാവിനോടൊപ്പം നിൽക്കുമ്പോൾ ആളുകൾ തന്നെ സഹോദരനായി തെറ്റിദ്ധരിക്കാറുണ്ടെന്ന് ജോർദാൻ പറയുന്നു. കുടുംബത്തോടൊപ്പം സമയം ചെലവിടാൻ പോകുന്നുവെന്ന് പറയുമ്പോൾ മക്കളുമൊത്ത് ചെലവഴിക്കാൻ പോകുന്നുവെന്നാണ് ആളുകൾ കരുതുന്നതെന്നും 26കാരനായ ജോർദാൻ പങ്കുവച്ചു.
വിദഗ്ദ്ധർ പറയുന്നത്
ഹോർമോൺ വ്യതിയാനങ്ങൾ, സെൻസിറ്റിവിറ്റി മാറ്റങ്ങൾ, പേശികളുടെയും എല്ലുകളുടെയും ബലക്കുറവ്, അവയവങ്ങളുടെ പ്രവർത്തനങ്ങൾ തകരാറിലാവുക തുടങ്ങിയവയാണ് പ്രായമാകുന്നതിന്റെ ശാരീരിക ലക്ഷണങ്ങളായി വിദഗ്ദ്ധർ ചൂണ്ടിക്കാട്ടുന്നത്. ജെൻ ഇസെഡ് വേഗത്തിൽ പ്രായമാകുന്നുവെന്നത് ഒരുപരിധിവരെ ശരിയാണെന്നും വിദഗ്ദ്ധർ അഭിപ്രായപ്പെടുന്നു. ഇതിന് ചില കാരണങ്ങളും ഇവർ വ്യക്തമാക്കുന്നു.
പലവിധ ഉത്‌പനന്ങ്ങളുടെ അമിതമായ ഉപയോഗം
ചർമ്മസംരക്ഷണത്തെക്കുറിച്ച് മികച്ച അവബോധമുള്ളവരാണ് ഈ വിഭാഗത്തിൽപ്പെടുന്നവർ. എന്നാൽ പലപ്പോഴും ചർമ്മസംരക്ഷണം അമിതമാകാറുമുണ്ട്. സോഷ്യൽ മീഡിയയിൽ കാണുന്ന എല്ലാ സൗന്ദര്യ ഉത്‌പന്നങ്ങളും ഇവർ പരീക്ഷിക്കുകയും ഉപയോഗിക്കുകയും ചെയ്യുന്നു. ഈ പ്രവണത മില്ലെനിയൽസിലും കാണുന്നുണ്ടെങ്കിലും ദോഷകരമായി കാണുന്നത് ജെൻ സെഡുകാരിലാണ്. ആവശ്യത്തിലധികം ക്രീമുകളും മറ്റും ഉപയോഗിക്കുന്നത് ചർമ്മത്തിന് ദോഷകരമായി ഭവിക്കുകയും പ്രായാധിക്യം തോന്നിപ്പിക്കുകയും ചെയ്യുന്നു. ജിമ്മുകളിലും ഹെൽത്ത് ക്ളബുകളിലും മറ്റും പോയി ശരീരസൗന്ദര്യം വർദ്ധിപ്പിക്കാൻ ഇഷ്ടപ്പെടുന്നവരാണ് ജെൻ ഇസെഡ് തലമുറയിലുള്ളവർ. എന്നാൽ മസിലുകൾ വേഗത്തിൽ പെരുപ്പിക്കാനും മറ്റുമായി ഇവർ ഉപയോഗിക്കുന്ന സ്റ്റിറോയിഡുകളും ഹോർമോണുകളും മറ്റും അമിതമാകുന്നതും പ്രായക്കൂടുതൽ തോന്നിപ്പിക്കുമെന്നും വിദഗ്ദ്ധർ പറയുന്നു.
മദ്യം, സിഗരറ്റ് എന്നിവയുടെ ഉപയോഗം
ഇന്നത്തെകാലത്ത് എട്ടും ഒൻപതും വയസിൽതന്നെ കുട്ടികൾ അകാല യൗവനത്തിലെത്തുന്നുവെന്ന് പഠനങ്ങൾ ചൂണ്ടിക്കാട്ടുന്നു. ചെറുപ്രായത്തിലെ തന്നെ അമിതമായി സിഗരറ്റ് വലിക്കുന്നതും മദ്യപിക്കുന്നതും ജങ്ക് ഫുഡുകളും കൂടുതലായി കഴിക്കുന്നതും നേരത്തെ തന്നെ പ്രായമാകുന്നതിലേയ്ക്ക് നയിക്കുന്നു. ഇത് വളരെയധികം ആരോഗ്യപ്രശ്‌നങ്ങളും ഉണ്ടാക്കുന്നു. ജീവിതശൈലിയിലെ മാറ്റങ്ങൾ പിസിഒഡി, പിസിഒഎസ് തുടങ്ങിയ അവസ്ഥകൾക്കും കാരണമാകുന്നു. ജീവിതശൈലീ വ്യതിയാനങ്ങൾ നേരത്തെ തന്നെ ചർമത്തിൽ ചുളിവുകൾ വീഴുന്നതിലേയ്ക്കും മുടികൊഴിച്ചിൽ, നിറം മങ്ങൽ എന്നിവയ്ക്കും കാരണമാവുന്നു.
മില്ലേനിയലുകളുമായി താരതമ്യപ്പെടുത്തുമ്പോൾ, ജെൻ ഇസെഡ് പുറത്തുനിന്നുള്ള സംസ്കരിച്ച ഭക്ഷണം കൂടുതലായി കഴിക്കുന്നു. ഓൺലൈൻ ഭക്ഷണ ഡെലിവറി വ്യാപകമായതും ജെൻ ഇസെഡ് ഭക്ഷണരീതികളെ തെറ്റായി സ്വാധീനിക്കുന്നു. ജെൻ ഇസെഡിനെ അപേക്ഷിച്ച് മില്ലേനിയൽസ് കൂടുതലായും വീട്ടിലെ ഭക്ഷണം തിരഞ്ഞെടുക്കുന്നുവെന്നും സർവേകൾ ചൂണ്ടിക്കാട്ടുന്നു.
അമിതമായ മാനസിക സമ്മർദ്ദം
വിഷാദരോഗികളുടെ ഒരു കൂട്ടമാണ് ഇന്നത്തെ പുതുതലമുറയെന്ന് സമൂഹമാദ്ധ്യമങ്ങളിലൂടെ ഒരു ഓട്ടപ്രദക്ഷിണം നടത്തിയാൽ മനസിലാകും. പലവിധ കാരണങ്ങളാൽ സമ്മർദ്ദങ്ങൾ അനുഭവിക്കുന്നവരാണ് ഇന്നത്തെ തലമുറയിൽ ഏറെപ്പേരും. പ്രണയബന്ധങ്ങളുടെയും വിവാഹബന്ധങ്ങളുടെയും പേരിലുള്ള സമ്മർദ്ദങ്ങൾ, ജോലി സംബന്ധമായതും പഠനസംബന്ധമായതുമായ ഉത്‌കണ്ഠകൾ, വിദേശത്ത് പോകാനുള്ള സ്വപ്നം എന്നിവയൊക്കെ ഇന്നത്തെ തലമുറയുടെ മാനസിക സമ്മർദ്ദത്തിനുള്ള കാരണങ്ങൾ.
ഏറ്റവും സമ്മർദ്ദം അനുഭവിക്കുന്ന തലമുറയാണിത്. 1-10 എന്ന സ്കെയിലിൽ ശരാശരി 6.1 സ്ട്രെസ് ലെവൽ ആണ് ഇവർക്കുള്ളത്. ഈ ഉയർന്ന തലത്തിലുള്ള സമ്മർദ്ദം അകാല വാർദ്ധക്യത്തിൻ്റെ രൂപത്തിൽ ജെൻ ഇസെഡിനെ സ്വാധീനിക്കുകയും ചെയ്യും. സമൂഹമാദ്ധ്യമങ്ങളും ജെൻ ഇസെഡിൽ മാനസിക സമ്മർദ്ദങ്ങൾ ഉയർത്തുന്നതിൽ പങ്കുവഹിക്കുന്നു. അതിനാൽ തന്നെ സമൂഹമാദ്ധ്യമങ്ങളുടെ അമിത ഉപയോഗം ഒരുപരിധിവരെ അകാല വാർദ്ധ്യകത്തിനുള്ള കാരണമായി മാറുന്നു. – (അവലംബം – കേരളം കൗമുദി ഓൺലൈൻ)