സ്റ്റേറ്റ് ബാങ്കിനും പഞ്ചാബ് നാഷണൽ ബാങ്കിനും ‘വിലക്ക്’

പൊതുമേഖലാ ബാങ്കുകളായ എസ്ബിഐയിലെയും (SBI) പഞ്ചാബ് നാഷണൽ ബാങ്കിലെയും (പിഎൻബി/PNB) അക്കൗണ്ടുകളെല്ലാം റദ്ദാക്കി പണം പിൻവലിക്കാൻ ഉത്തരവിറക്കി കർണാടക സർക്കാർ. എല്ലാ സർക്കാർ വകുപ്പുകൾക്കും പൊതുമേഖലാ സ്ഥാപനങ്ങൾക്കും കോർപ്പറേഷനുകൾ, തദ്ദേശ സ്ഥാപനങ്ങൾ, സർവകലാശാലകൾ, മറ്റ് അനുബന്ധ സ്ഥാപനങ്ങൾ എന്നിവയ്ക്കുമാണ് നിർദേശം.

ഈ അക്കൗണ്ടുകളിലെ പണം സർക്കാർ ട്രഷറിയിലേക്ക് മാറ്റിയേക്കും. സെപ്റ്റംബർ 20നകം അക്കൗണ്ടുകൾ റദ്ദാക്കി റിപ്പോർട്ട് സമർപ്പിക്കാനാണ് മുഖ്യമന്ത്രി സിദ്ധരാമയ്യ ഒപ്പുവച്ച ഉത്തരവിലുള്ളത്. പൊതുഫണ്ട് ദുരുപയോഗം ചെയ്തെന്ന് ആരോപിച്ചാണ് ഇരു ബാങ്കുകൾക്കുമെതിരായ നീക്കം.

പൊതുഫണ്ടിൽ തിരിമറിയെന്ന് ആരോപണം

കർണാടക ഇൻഡസ്ട്രിയൽ ഏരിയ ഡെവലപ്മെന്റ് ബോർഡ് (KIADB), കർണാടക സ്റ്റേറ്റ് പൊല്യൂഷൻ കൺട്രോൾ ബോർഡ് (KSPCB) എന്നിവയുടെ അക്കൗണ്ടിലെ പണം ദുരുപയോഗം ചെയ്തെന്നാണ് ഇരു ബാങ്കുകൾക്കും എതിരായ ആരോപണം. 2013ലാണ് പൊല്യൂഷൻ കൺട്രോൾ ബോർഡ് എസ്ബിഐയിൽ 13 കോടി രൂപ സ്ഥിരനിക്ഷേപം (എഫ്ഡി) നടത്തിയത്. ഈ തുക ബാങ്ക് ഉദ്യോഗസ്ഥർ വ്യാജരേഖകൾ ചമച്ച് ഒരു സ്വകാര്യ കമ്പനിയുടെ വായ്പ തീർപ്പാക്കാൻ ഉപയോഗിച്ചെന്നാണ് കർണാടക സർക്കാർ ആരോപിക്കുന്നത്.

2011ൽ പ‍ിഎൻബിയിൽ കർണാടക സ്റ്റേറ്റ് ഇൻഡസ്ട്രിയൽ ഡെവലപ്മെന്റ് ബോർഡ് 25 കോടി രൂപ നിക്ഷേപിച്ചിരുന്നു. 13 കോടി രൂപ മാത്രമാണ് തിരികെ ലഭിച്ചത്. ബാക്കിത്തുകയെ കുറിച്ച് വിവരമില്ല. ബാങ്കുകളുടെ പ്രതിനിധികളുമായി ഇത് സംബന്ധിച്ച് ചർച്ചകൾ നടത്തിയെങ്കിലും പണം തിരികെകിട്ടിയില്ല. തുടർന്നാണ്, അക്കൗണ്ടുകൾ റദ്ദാക്കാനുള്ള നടപടിയിലേക്ക് സർക്കാർ കടന്നത്. കേസ് കോടതിയുടെ പരിഗണനയിലായതിനാൽ പ്രതികരിക്കാൻ ബാങ്കുകൾ‌ തയ്യാറായിട്ടില്ല. അതേസമയം, സർക്കാരുമായി ചർച്ചയിലൂടെ പ്രശ്നപരിഹാരത്തിന് ബാങ്കുകൾ ശ്രമിക്കുന്നുമുണ്ട്.