രാജ്യത്തെ വിവിധയിടങ്ങളിൽ 4ജി,5ജി സേവനങ്ങൾ നൽകുന്നതിനായി വിപുലമായ ഒരുക്കങ്ങളിലാണ് പൊതുമേഖലാ കമ്പനിയായ ബിഎസ്‌എൻഎൽ. ജൂലായ് മാസത്തിൽ മറ്റെല്ലാ കമ്പനികളും അവരുടെ മൊബൈൽ താരിഫ് വർദ്ധിപ്പിച്ചെങ്കിലും ബിഎസ്‌എൻഎൽ അതിന് മുതിർന്നില്ല. ഇതോടെ അംബാനിയുടെ ജിയോയിൽ നിന്നടക്കം സാധാരണ കോൾ ചെയ്യാൻ ആവശ്യത്തിന് ഉൾപ്പടെ നിരവധി പേർ ബിഎസ്‌എൻഎല്ലിലേക്ക് പോർട്ട് ചെയ്‌തിരുന്നു.
നഷ്‌ടപ്പെട്ട തങ്ങളുടെ കസ്‌റ്റമേഴ്‌സിനെ തിരികെ കൊണ്ടുവരാൻ ജിയോയും വിയുമടക്കം ശ്രമിക്കുന്നുണ്ട്. ഇതിനിടെയിതാ വീണ്ടും ഉപഭോക്താക്കൾക്ക് ആകർഷകമായ ഓഫറുമായി രംഗത്തെത്തിയിരിക്കുകയാണ് ബിഎസ്‌എൻഎൽ. ആയിരം രൂപ പോലും ചിലവാക്കാതെ ആറ് മാസം വരെ നീളുന്ന വാലിഡിറ്റിയാണ് ബിഎസ്‌എൻഎൽ മുന്നോട്ടുവയ്‌ക്കുന്നത്.
160 ദിവസത്തെ വാലിഡിറ്റിയുള്ള 997 രൂപയുടെ പ്ളാനാണ് ബിഎസ്‌എൻഎൽ പുറത്തിറക്കിയിരിക്കുന്നത്. അഞ്ച് മാസം തടസമില്ലാത്ത സേവനം നൽകാനാകുമെന്ന് കമ്പനി അറിയിക്കുന്നു. പ്രതിദിനം രണ്ട് ജിബി ഡാറ്റ വച്ച് 160 ദിവസം 320 ജിബി ഡാറ്റ ഉപഭോക്താവിന് ലഭിക്കും. അൺലിമിറ്റഡ് വോയിസ് കോളും, പ്രതിദിനം 100 എസ്‌എംഎസ് സൗജന്യവും ഉണ്ട്. ഇതോടൊപ്പം ബിഎസ്‌എൻഎൽ മുന്നോട്ടുവയ്‌ക്കുന്ന വാല്യു ആഡഡ് സർവീസുകളുമുണ്ട്.
ഒക്‌ടോബർ 15 മുതലാണ് രാജ്യത്ത് ബിഎസ്‌എൻഎൽ 4ജി സേവനം ആരംഭിക്കുക. ഇതുവരെ 25000 ഇടങ്ങളിൽ ഇത് തയ്യാറായി കഴിഞ്ഞു. ഇതിനിടെയാണ് ജിയോയുടെയടക്കം കുത്തകയ്‌ക്ക് വെല്ലുവിളിയായി 997ന്റെ പ്ളാനുമായി ബിഎസ്എൻഎൽ രംഗത്തെത്തിയത്. – (അവലംബം – കേരളം കൗമുദി ഓൺലൈൻ)