പുറംനാടുകളിൽ പഠിക്കുന്ന മക്കൾ മയക്കുമരുന്നു കേസിൽ അറസ്റ്റിലായെന്ന് വാട്‌സ് ആപ്പ് കാളിലൂടെ അറിയിച്ച് നാട്ടിലുള്ള രക്ഷിതാക്കളെ ഭയപ്പെടുത്തി പണം തട്ടാൻ പുതിയ തന്ത്രവുമായി ഓൺലൈൻ തട്ടിപ്പു സംഘം. മകൻ/മകൾ മയക്കുമരുന്നു കേസിൽ അറസ്റ്റിലായെന്നും ലക്ഷങ്ങൾ തന്നാൽ കേസ് ഒതുക്കിതീർക്കാമെന്നും പറഞ്ഞാകും വിളിയെത്തുക. ഇത്തരത്തിൽ സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്ന് പരാതി വന്നതോടെ തട്ടിപ്പിൽ വീഴരുതെന്ന മുന്നറിയിപ്പുമായി പൊലീസ് രംഗത്തെത്തി.
മുംബയിൽ ബിരുദത്തിന് പഠിക്കുന്ന യുവാവിനെ മയക്കുമരുന്ന് കേസിൽ അറസ്റ്റുചെയ്തിട്ടുണ്ടെന്നും ചോദ്യം ചെയ്യാൻ ഡൽഹിയിലേക്ക് കൊണ്ടുപോവുകയാണെന്നും പറഞ്ഞ് തൃശൂരിലെ മുത്തശ്ശിക്ക് ഈയിടെ വാട്‌സ് ആപ്പ് കാൾ വന്നു. പൊലീസെന്ന് പരിചയപ്പെടുത്തിയായിരുന്നു കാൾ. രണ്ടുലക്ഷം രൂപ നൽകിയാൽ വിടാമെന്ന് വാഗ്ദാനവും നൽകി.
പരിഭ്രാന്തരായ വീട്ടുകാർ നാട്ടുകാരനായ പൊലീസുദ്യോഗസ്ഥനോട് പറഞ്ഞപ്പോൾ പണം കൊടുക്കരുതെന്നും ഉടൻ യുവാവിനെ വിളിക്കാനും നിർദ്ദേശിച്ചു. വിളിച്ചപ്പോൾ യുവാവിന് കുഴപ്പമില്ലെന്നറിഞ്ഞു. തട്ടിപ്പുകാർ തുടർന്നും വിളിച്ചപ്പോൾ പൊലീസിൽ അറിയിച്ചിട്ടുണ്ടെന്ന് പറഞ്ഞതോടെ കാൾ കട്ടായി.
പൊലീസ് യൂണിഫോമിട്ട് ഓൺലൈൻ തട്ടിപ്പ് സംഘത്തിന്റെ വീഡിയോകാൾ ലഭിച്ച പാലക്കാട് ഒറ്റപ്പാലം സ്വദേശി സമീപത്തെ പൊലീസ് സ്റ്റേഷനിലെത്തി. തുടർന്നുവന്ന വീഡിയോ കാളെടുത്തത് എസ്.ഐയായിരുന്നു. അതോടെ കാൾ കട്ട് ചെയ്ത് തട്ടിപ്പുകാർ തടിതപ്പി.
തട്ടിപ്പുകാരുടെ രീതി
- വീഡിയോ കാളിലൂടെ പരമാവധി ഭയപ്പെടുത്തും
- തുടർച്ചയായി വിളിച്ച് സമ്മർദ്ദത്തിലാക്കും
- പൊലീസ് മുറയിൽ ചോദ്യം ചെയ്യും
- വിട്ടയയ്ക്കാൻ വൻതുക ആവശ്യപ്പെടും
സംശയകരമായ ഇത്തരം സന്ദേശങ്ങളോ ഫോൺ വിളികളോ വന്നാൽ പരിഭ്രാന്തരാകാതെ, കാര്യത്തിന്റെ നിജസ്ഥിതി മനസിലാക്കി, തട്ടിപ്പെന്നുകണ്ടാൽ സൈബർ ക്രൈം സെല്ലിൽ പരാതിപ്പെടുക. https://sancharsaathi.gov.in/sfc/ എന്ന സൈറ്റിൽ പോയി പരാതിപ്പെടാനും സംവിധാനം ഉണ്ട്.