ഉറക്കത്തിൽ കൂർക്കംവലിമൂലം ബുദ്ധിമുട്ട് അനുഭവിക്കുന്നവർ നിരവധിയാണ്. കൂർക്കംവലിക്കാരുടെ പ്രശ്നങ്ങൾക്ക് പരിഹാരമൊരുക്കുകയാണ് പുതുച്ചേരിയിലെ ഇന്ദിരാഗാന്ധി ഗവൺമെന്റ് ജനറൽ ഹോസ്പിറ്റൽ&പോസ്റ്റ് ഗ്രാജ്വേറ്റ് ഇൻസ്റ്റിറ്റ്യൂട്ട്. കൂർക്കംവലിയുടെ പിന്നിലെ കാരണംകണ്ടെത്താൻ ഇവിടെ സ്നോറിങ് ലബോറട്ടറി ഒരുക്കിയിരിക്കുകയാണ്.
ഇ.എൻ.ടി. ഡിപ്പാർട്മെന്റിനു കീഴിലാണ് സ്നോറിങ് ലബോറട്ടറി ഒരുക്കിയിരിക്കുന്നത്. കൂർക്കംവലിയുടെ കാരണമെന്താണെന്നും എന്തൊക്കെയാണ് അതിലേക്ക് നയിക്കുന്ന ഘടകങ്ങളെന്നുമൊക്കെയാണ് ലബോറട്ടിയിൽ പരിശോധിക്കുന്നത്.
ലബോറട്ടറിയിൽ എട്ടുമണിക്കൂറോളം രോഗികളെ ഉറക്കിക്കിടത്തും. ശേഷം 24 വിവിധ ടെസ്റ്റുകൾ നടത്തും. ഒടുവിലാണ് കൂർക്കംവലിയുടെ കാരണവും അതിനുള്ള പരിഹാരവും ഡോക്ടർമാർ നിർദേശിക്കുക.
ഉറക്കത്തിനിടയിലെ കൂർക്കംവലിയും മറ്റു തകരാറുകളും കൃത്യമായി സ്ഥിരീകരിച്ച് ചികിത്സ നടത്താനാണ് പ്രസ്തുത ലബോറട്ടറി രൂപവത്കരിച്ചതെന്ന് ഡോ.സ്റ്റാലിൻ ന്യൂസ്18-നോട് പറഞ്ഞു. കൂർക്കംവലി ശരീരത്തിലെ ഓക്സിജന്റെ അളവ് അസന്തുലിതമാക്കുകയും ഇത് ശ്വാസകോശം, ഹൃദയം എന്നിവയെ ബാധിക്കുന്ന രോഗങ്ങളിലേക്ക് നയിക്കുകയും ചെയ്യും. അതിനാൽ കൂർക്കംവലിയുള്ളവർക്ക് ലബോറട്ടറിയിൽ സൗജന്യമായി പരിശോധിച്ച് രോഗനിർണയം നടത്താമെന്നും അദ്ദേഹം പറഞ്ഞു.
കൂർക്കംവലിയുടെ കാരണങ്ങൾ
ശ്വാസോച്ഛ്വാസത്തിനിടെ വായുകടന്നുപോകുന്ന വഴിയിലെവിടെയെങ്കിലും തടസ്സമുണ്ടാകുന്നതാണ് കൂർക്കംവലി. ജലദോഷം, മൂക്കടപ്പ് തുടങ്ങിയവ ഉണ്ടാകുമ്പോൾ ശ്വാസവായുവിന് നേരെ ശ്വാസകോശത്തിലേക്ക് കടന്നെത്താൻ കഴിയാത്തവിധം കൂർക്കം വലി ഉണ്ടാകാം. കുട്ടികളിലാണ് ഇത് കൂടുതൽ പ്രകടമാവുക. ശ്വാസഗതിയിൽ കുറുനാക്ക് തടസ്സമായി വരുന്നതും തൊണ്ടയിലെ പേശികൾ അയഞ്ഞ് ദുർബലമാകുന്നതുമൊക്കെ കൂർക്കംവലിക്ക് കാരണമാകും. കൂടാതെ മൂക്കിന്റെ പാലത്തിനുണ്ടാകുന്ന തകരാറുകൾ, ടോൺസിലൈറ്റിസ് തുടങ്ങിയവയും കൂർക്കംവലിക്ക് കാരണമാകാം.
കൂർക്കംവലിക്ക് പരിഹാരം
ജീവിതക്രമത്തിൽ ചിലമാറ്റങ്ങൾ വരുത്തുന്നതിലൂടെ കൂർക്കംവലിക്ക് ഒരുപരിധിവരെ പരിഹാരം കണ്ടെത്താം. മലർന്നുകിടന്നുറങ്ങാതെ ചരിഞ്ഞുകിടക്കാൻ ശീലിക്കുകയാണ് അതിൽ പ്രധാനം. മലർന്നു കിടന്നുറങ്ങുമ്പോൾ കഴുത്തിലെ പേശികൾ അയഞ്ഞുതളർന്ന് ശ്വാസനാളം ചുരുങ്ങി കൂർക്കംവലിയുണ്ടാകാം. ചരിഞ്ഞുകിടക്കുമ്പോൾ ഈ പ്രശ്നം പരിഹരിക്കാനാവും.
തടികുറയ്ക്കലും പ്രധാനമാണ്. കൂർക്കംവലിയുടെയും മറ്റ് ഉറക്കപ്രശ്നങ്ങളുടെയും മുഖ്യകാരണങ്ങളിലൊന്ന് പൊണ്ണത്തടിയാണ്. തടികുറയ്ക്കുന്നതുകൊണ്ടുതന്നെ വലിയൊരളവുവരെ പ്രശ്നം പരിഹരിക്കാനാവും.
മലർന്നുകിടന്നുറങ്ങുമ്പോൾ തലയണ ഒഴിവാക്കുകയും ചരിഞ്ഞു കിടന്നുറങ്ങുമ്പോൾ കനംകുറഞ്ഞ തലയണ ഉപയോഗിക്കുകയും ചെയ്യുന്നത് ഗുണംചെയ്യും.
ഉറങ്ങുന്നതിന് രണ്ടുമണിക്കൂർ മുമ്പെങ്കിലും അത്താഴം കഴിക്കാൻ ശ്രദ്ധിക്കണം. നിറഞ്ഞ വയറോട് ഉറങ്ങാൻ പോകുന്നത് കൂർക്കംവലി കൂട്ടും.
ജലദോഷവും മൂക്കടപ്പും വിട്ടുമാറാതെ കൊണ്ടുനടക്കുന്നവരിൽ കൂർക്കംവലി വിട്ടുമാറില്ല. അതിനാൽ ആവിപിടിച്ചുംമറ്റും ഇവയ്ക്ക് പരിഹാരം കണ്ടെത്താം.
ഒപ്പം വ്യായാമവും പ്രധാനമാണ്. കഴുത്തിലെ പേശികൾക്ക് ആയാസംലഭിക്കുന്ന വിധത്തിൽ പതിവായി വ്യായാമംചെയ്യുകവഴി കഴുത്തിലെ പേശികൾക്ക് ബലംകിട്ടും. ഇതും കൂർക്കംവലി തടയും.
ജീവിതശൈലിയിലെ മാറ്റങ്ങൾ വരുത്തിയിട്ടും കൂർക്കംവലിക്ക് പരിഹാരം കാണാനാവുന്നില്ലെങ്കിൽ വിദഗ്ധ ചികിത്സ തേടേണ്ടതാണ്. (കടപ്പാട് – മാതൃഭൂമി ഓൺലൈൻ)