വില്ലനായി മാറുന്ന എനർജി ഡ്രിങ്കുകൾ

    എനർജി ഡ്രിങ്കുകളോട് അമിത ആസക്തിയുള്ളവർ നിരവധിയുണ്ട്. നിയന്ത്രണവിധേയമല്ലാത്ത ഇവയുടെ ഉപയോഗം പലവിധ ആരോഗ്യപ്രശ്നങ്ങൾക്കും കാരണമാകുന്നുണ്ട്. ഇപ്പോഴിതാ എനർജി ഡ്രിങ്കിന് അടിമയായ ഒരു യുവാവ് ഹൃദയസ്തംഭനത്താൽ മരിച്ച വാർത്തയാണ് പുറത്തുവരുന്നത്.

    സാമൂഹികമാധ്യമത്തിലൂടെ മേഗൻ ഷ്രീൻ എന്ന യുവതിയാണ് മുപ്പത്തിനാലുകാരനായ തന്റെ ഭർത്താവ് ആരോണിന്റെ മരണത്തിനുപിന്നിൽ എനർജി ഡ്രിങ്കുകളോടുള്ള അമിതാസക്തി കാരണമായിട്ടുണ്ടെന്ന് പങ്കുവെച്ചിരിക്കുന്നത്. ടിക്ടോക്കിലൂടെയാണ് മേഗൻ ഇതേക്കുറിച്ച് വീഡ‍ിയോ ചെയ്ത് പങ്കുവെച്ചത്. ദിവസവും കുറഞ്ഞത് മൂന്ന് കാൻ എനർജി ഡ്രിങ്കെങ്കിലും ആരോൺ കുടിച്ചിരുന്നുവെന്നാണ് മേഗൻ പറയുന്നത്.

    ഹൃദയസ്തംഭനം മൂലമാണ് ആരോണിനെ ആശുപത്രിയിൽ എത്തിക്കുന്നത്. ഹൃദയസ്തംഭനത്തിലേക്ക് നയിച്ചത് നിർജലീകരണമാണെന്ന് ‍ഡോക്ടർമാർ‌ പറഞ്ഞതോടെയാണ് മേഗൻ ഭർത്താവിന്റെ എനർജി ഡ്രിങ്ക് ആസക്തിയേക്കുറിച്ച് പങ്കുവെച്ചത്. ഇതിനൊപ്പം ധാരാളം കോഫി കുടിക്കുന്ന ശീലവുമുണ്ടായിരുന്നു.

    ജനുവരിയിലാണ് ഭർത്താവിന് ആരോഗ്യപ്രശ്നമുണ്ടാകുന്നത്. ഒരുദിവസം രാത്രി ഭർത്താവിന് ശാരീരിക അസ്വാസ്ഥ്യമുണ്ടാവുകയായിരുന്നു. ഹൃദയമിടിപ്പ് കൂടുകയും കൈകാലുകൾ തരിക്കുകയും ചെയ്തപ്പോൾ പാനിക് അറ്റാക്ക് ആണോയെന്നാണ് ആദ്യം കരുതിയത്. വൈകാതെ ആശുപത്രിയിൽ എത്തിച്ചപ്പോഴേക്കും ഹൃദയമിടിപ്പ് നിലച്ചു. തുടർന്ന് ഹൃദയമിടിപ്പ് വീണ്ടെടുക്കാൻ ഡോക്ടർമാർ സി.പി.ആർ. ചെയ്ത് ആരോണിന്റെ ജീവൻ സംരക്ഷിക്കുകയും ആറാഴ്ചത്തെ നിരീക്ഷണത്തിനുശേഷം വീട്ടിലേക്ക് തിരികെപോരുകയും ചെയ്തു.- മേഗൻ പറയുന്നു.

    തുടർന്നാണ് കഫീൻ അടങ്ങിയ പാനീയങ്ങളുടെ അമിതോപയോഗമാവാം ആരോണിന്റെ ഹൃദയാരോഗ്യം തകർത്തതെന്ന് ഡോക്ടർമാർ മേഗനോട് പറഞ്ഞത്. കഫീനടങ്ങിയ പാനീയങ്ങൾ നിർജലീകരണം വർധിപ്പിക്കുമെന്നും ഗുരുതര ആരോഗ്യപ്രശ്നങ്ങളുണ്ടാക്കുമെന്നും ഡോക്ടർമാർ മേഗനോട് പറഞ്ഞു. എന്നാൽ വൈകാതെ ആരോണിന് മറ്റൊരു ഹൃദയസ്തംഭനം ഉണ്ടാവുകയും ആ തവണ ആരോണിന്റെ ജീവൻ രക്ഷിക്കാൻ കഴിയാതിരിക്കുകയുമായിരുന്നു.

    എനർജി ഡ്രിങ്കുകൾ എങ്ങനെ വില്ലനാകുന്നു?

    വളരെ കുറഞ്ഞ അളവിൽ വിറ്റാമിനുകളുള്ള രുചിയും നിറവും ലഭിക്കുന്നതിനുള്ള രാസവസ്തുക്കളും കൃത്രിമ വസ്തുക്കളും ധാരാളം അടങ്ങിയ, ഉന്മേഷം പ്രദാനം ചെയ്യാൻ ഉയർന്ന തോതിൽ കഫീനടങ്ങിയ പാനീയങ്ങളാണിവ. കുടിക്കുന്ന സമയത്ത് ഊർജവും ഉന്മേഷവും തോന്നുന്നതൊഴിച്ചാൽ ദീർഘകാല ഉപയോഗത്തിലൂടെ ഗുരുതര ആരോഗ്യ പ്രശ്നങ്ങളാണ് ഉണ്ടാകുന്നത്.

    എനർജി ഡ്രിങ്കുകളിൽ ഉയർന്നതോതിൽ കഫീനും മറ്റ് രാസവസ്തുക്കളും അടങ്ങിയിട്ടുള്ളതിനാൽ ഹൃദയമിടിപ്പും രക്തസമ്മർദത്തിന്റെ തോതും എളുപ്പത്തിൽ കൂടും. ഇതുരണ്ടും ഹൃദയാരോഗ്യം വളരെപെട്ടെന്ന് മോശമാകും. ദിവസവും കുടിക്കുന്ന കാപ്പിയിൽ ഉള്ളതിനേക്കാൾ എത്രയോ മടങ്ങ് കൂടുതൽ കഫീനാണ് എനർജി ഡ്രിങ്കിൽ അടങ്ങിയിരിക്കുന്നത്. കഫീൻ മാത്രം അടങ്ങിയിരിക്കുന്ന പാനീയങ്ങളേക്കാൾ ഉയർന്ന അളവിലാണ് എനർജി ഡ്രിങ്കുകൾ മൂലമുള്ള രക്തസമ്മർദത്തിന്റെ തോത് എന്ന് അമേരിക്കൻ ഹാർട്ട് അസോസിയേഷൻ ജേർണൽ പുറത്തുവിട്ട ലേഖനത്തിൽ വ്യക്തമാക്കുന്നുണ്ട്.

    രക്തസമ്മർദത്തിനും ഹൃദ്രോഗപ്രശ്നങ്ങൾക്കും പുറമെ പ്രമേഹനില വർധിക്കുന്നതിനും എനർജി ഡ്രിങ്കുകൾ കാരമമാകുന്നുണ്ട്. അതിനുകാരണം എനർജി ഡ്രിങ്കുകളിൽ ഉയർന്ന തോതിൽ അടങ്ങിയിരിക്കുന്ന പഞ്ചസാരയാണ്. ഇത് രക്തത്തിലെ പഞ്ചസാരയുടെ അളവ് വർധിപ്പിക്കുകയും ഇൻസുലിൻ പ്രതിരോധത്തെ ദോഷകരമായി ബാധിക്കുകയും ചെയ്യും. ഇതിലൂടെ ടൈപ്പ് 2 ഡയബറ്റിസിന് വഴിവെക്കുകയും ചെയ്യും.

    കൂടാതെ രക്തത്തിൽ പഞ്ചസാരയുടെ അളവ് കൂടുന്നതിലൂടെ അമിതവണ്ണത്തിനുള്ള സാധ്യതയും കൂടുതലാണ്. എനർജി ഡ്രിങ്കുകളിൽ കലോറിയുടെ അളവ് കൂടുതലായതും പൊണ്ണത്തടിക്ക് കാരണമാകും. കൂടാതെ പല്ലിന് തേയ്മാനം വരാനുള്ള സാധ്യതയുമുണ്ട്.

    മാനസികാരോഗ്യം മോശമാകുന്നതിലും എനർജി ഡ്രിങ്കുകൾക്ക് വലിയ പങ്കുണ്ടെന്ന് പഠനങ്ങൾ ചൂണ്ടിക്കാട്ടുന്നു. ദിവസവും 250മില്ലിയിൽ കൂടുതല് എനർജി ഡ്രിങ്കുകൾ ശരീരത്തിലെത്തുന്ന യുവാക്കളുടെ മാനസികാരോഗ്യം തകരാറിലാവുമെന്നും ക്രമേണ വിഷാദം, അമിത ഉത്കണ്ഠ എന്നിവയ്ക്ക് കാരണമാകുമെന്നും പഠനങ്ങൾ പറയുന്നുണ്ട്.

    ശ്രദ്ധിക്കേണ്ട പ്രാരംഭ ഹൃദ്രോഗ സൂചനകൾ എന്തൊക്കെയാണ്?

    ഹൃദ്രോഗം പോലെ ജീവിതശൈലി പ്രശ്‌നങ്ങൾ കൊണ്ടുണ്ടാകുന്ന മിക്ക രോഗങ്ങളും വളരെ സാവധാനത്തിൽ ഗുരുതരമായിത്തീരുകയാണ് ചെയ്യുന്നത്. ഹൃദയധമനികളിൽ കൊഴുപ്പ് സാവധാനം അടിഞ്ഞ് ബ്ലോക്ക് ഉണ്ടാകുന്ന സ്ഥിതിയിലേക്ക് എത്തിച്ചേരുവാൻ പത്തോ ഇരുപതോ ചിലപ്പോൾ അതിലധികമോ വർഷങ്ങൾ തന്നെ എടുത്തേക്കാം. ചിലപ്പോൾ 20 അല്ലെങ്കിൽ 25 വയസ്സിൽ ആയിരിക്കും രോഗാവസ്ഥയുടെ ആദ്യപടികൾ ശരീരത്തിൽ കണ്ടു തുടങ്ങുന്നത്. പക്ഷേ ഈ സമയത്ത് ഇത് യാതൊരു തരത്തിലുള്ള രോഗലക്ഷണങ്ങളും സാധാരണയായി കാണിക്കാറില്ല.

    പ്രാഥമിക പരിശോധനയിൽ നിന്ന് ഹൃദ്രോഗ സാധ്യതകൾ തിരിച്ചറിയാൻ പോലും യഥാർഥത്തിൽ കഴിയുകയില്ല. എന്നാൽ ഏതാനും വർഷങ്ങൾ കഴിയുമ്പോഴേക്കും ചില ലക്ഷണങ്ങൾ പ്രത്യക്ഷപ്പെട്ടു തുടങ്ങുന്നു. ഈ ലക്ഷണങ്ങളെയും ചിലപ്പോൾ നമുക്ക് തിരിച്ചറിയാൻ സാധിക്കാതെ വരാറുണ്ട്. വളരെ ക്ലാസിക്കൽ ആയ ഹൃദ്രോഗ ലക്ഷണങ്ങൾ (Typical Symptoms) ആരംഭിക്കുമ്പോൾ മാത്രമാണ് അതൊരു ഹൃദ്രോഗ സൂചനയായി പലപ്പോഴും നാം തിരിച്ചറിയുന്നത്. നടക്കുമ്പോൾ ശക്തമായ കിതപ്പ്, ജോലി ചെയ്യുമ്പോഴോ ഭാരം എടുക്കുമ്പോഴോ അനുഭവപ്പെടുന്ന നെഞ്ചുവേദന എന്നിവ സാധാരണയായി ഹൃദ്രോഗത്തിന്റെ പ്രാരംഭ ലക്ഷണങ്ങളായി കരുതപ്പെടുന്നു.

    എന്നാൽ, ഇതിനു മുമ്പേ ഹൃദ്രോഗസാധ്യത സംശയിക്കേണ്ട ചില സൂചനകൾ തിരിച്ചറിയപ്പെടേണ്ടതുണ്ട്. അമിതമായ ക്ഷീണം, ജോലി ചെയ്യുമ്പോഴോ ഭാരം എടുക്കുമ്പോഴോ ഇടതുകൈയിൽ ഉണ്ടാകുന്ന കടച്ചിൽ, അമിതമായ വിയർപ്പ്, കഴുത്ത് പിടിച്ചുമുറുക്കുന്നത് പോലെയുള്ള വേദന, അധ്വാനം ചെയ്യുമ്പോൾ ഉണ്ടാകുന്ന കണ്ണിൽ ഇരുട്ട് അടയ്ക്കൽ അല്ലെങ്കിൽ ബോധക്കേട് എന്നിവ ഹൃദ്രോഗത്തിന്റെ വിദൂര സൂചനകളായി മനസ്സിലാക്കേണ്ടതുണ്ട്. ഭാരപ്പെട്ട ജോലികൾ ചെയ്യുമ്പോൾ നെഞ്ചിൽ പതിവായി അസ്വസ്ഥത ഉണ്ടാകുകയും വിശ്രമിക്കുമ്പോൾ വേദനയ്ക്ക് ആശ്വാസം ലഭിക്കുകയും ചെയ്യുന്നവർ തീർച്ചയായും വൈദ്യോപദേശം തേടേണ്ടതാണ്. നെഞ്ചരിച്ചിൽ പ്രശ്‌നങ്ങളായോ ഗ്യാസിന്റെ ബുദ്ധിമുട്ടായോ അവയെ അവഗണിക്കരുത്. – (കടപ്പാട് – മാതൃഭൂമി ഓൺലൈൻ)