യുഎഇയില്‍ ഭൂചലനം, ആശങ്ക വേണ്ടെന്ന് അധികൃതര്‍

അബുദാബി: യു എ ഇയില്‍ ഇന്നലെ നേരിയ ഭൂചലനം അനുഭവപ്പെട്ടു. നാഷണല്‍ സെന്റര്‍ ഓഫ് മെറ്റീരിയോളജിയുടെ നാഷണല്‍ സെയ്സ്മിക് നെറ്റ്വര്‍ക്ക് സ്റ്റേഷനുകള്‍ പ്രകാരം 1.2 തീവ്രത രേഖപ്പെടുത്തിയ ഭൂചലനമാണ് അനുഭവപ്പെട്ടത്. ഞായറാഴ്ച രാത്രിയായിരുന്നു സംഭവം. അല്‍ ഫുജൈറയിലെ ദിബ്ബയിലെ അല്‍ റഹീബ് മേഖലയില്‍ രാത്രി 10.27 ന് ഭൂചലനം അനുഭവപ്പെട്ടത് എന്നും അധികൃതര്‍ അറിയിച്ചു.

5 കിലോമീറ്റര്‍ ആഴത്തിലായിരുന്നു പ്രകമ്പനം. എമിറേറ്റ് നിവാസികള്‍ക്ക് നേരിയ തോതില്‍ പ്രകമ്പനം അനുഭവപ്പെട്ടെങ്കിലും പ്രദേശത്തെ ബാധിച്ചില്ല എന്ന് എന്‍ സി എം വ്യക്തമാക്കി. നേരത്തെ സെപ്തംബര്‍ ഒന്നിന് ഫുജൈറയിലെ മസാഫി മേഖലയില്‍ 2.3 തീവ്രത രേഖപ്പെടുത്തിയ ഭൂചലനം അനുഭവപ്പെട്ടിരുന്നു. ഇതിന് മുമ്പ്, ഓഗസ്റ്റ് 18 ന് ദിബ്ബ തീരത്ത് 3.0 തീവ്രത രേഖപ്പെടുത്തിയ ഭൂചലനവും രേഖപ്പെടുത്തിയിരുന്നു.

ജൂണ്‍ 8 ന് രാത്രി 11.01 ന് മസാഫിയില്‍ റിക്ടര്‍ സ്‌കെയിലില്‍ 2.8 തീവ്രത രേഖപ്പെടുത്തിയ ചെറിയ പ്രകമ്പനവും ഉണ്ടായിരുന്നു. അപൂര്‍വമായി മാത്രമെ യു എ ഇയില്‍ ഭൂചലനങ്ങള്‍ അനുഭവപ്പെടാറുള്ളൂ. റിക്ടര്‍ സ്‌കെയിലില്‍ 2.8 തീവ്രത രേഖപ്പെടുത്തിയ ഭൂചലനം ഈ വര്‍ഷം ജനുവരിയിലും അനുഭവപ്പെട്ടിരുന്നു. അതേസമയം ഇന്ന് രാവിലെ മുതല്‍ രാജ്യത്തിന്റെ പലഭാഗത്തും കനത്ത മൂടല്‍മഞ്ഞാണ് അനുഭവപ്പെടുന്നത്.

മൂടല്‍മഞ്ഞ് കാരണം ദൃശ്യപരത കുറയുമെന്നതിനാല്‍ ചില ഭാഗങ്ങളില്‍ റെഡ് അലര്‍ട്ടും യെല്ലോ അലര്‍ട്ടും പുറപ്പെടുവിച്ചിട്ടുണ്ട്. അബുദാബിയില്‍ മൂടല്‍മഞ്ഞുള്ള സാഹചര്യങ്ങള്‍ കാണാം, ദൃശ്യപരത കുറഞ്ഞതിനാല്‍ വാഹനമോടിക്കുന്നവര്‍ ജാഗ്രത പാലിക്കണമെന്ന് പൊലീസ് ആവശ്യപ്പെട്ടു. ഇന്ന് രാത്രിയിലും ചൊവ്വാഴ്ച രാവിലെയും മൂടല്‍മഞ്ഞ് രൂപപ്പെടുമെന്ന് എന്‍സിഎം വ്യക്തമാക്കി.