ജെറുസലേം: ലെബനനില്‍ ആക്രമണം തുടര്‍ന്ന് ഇസ്രായേല്‍. ഇന്ന് 72 പേര്‍ കൊല്ലപ്പെട്ടതോടെ ഇസ്രായേല്‍ മിസൈലാക്രമണത്തില്‍ കൊല്ലപ്പെട്ടവരുടെ എണ്ണം 692 ആയി ഉയര്‍ന്നു. അതേസമയം വെടിനിര്‍ത്തലിന് ഇസ്രായേല്‍ തയ്യാറാണ് എന്ന തരത്തില്‍ വരുന്ന വാര്‍ത്തകള്‍ ശരിയല്ലെന്ന് പ്രധാനമന്ത്രി നെതന്യാഹുവിന്റെ ഓഫീസ് പുറത്തിറക്കിയ പ്രസ്താവനയില്‍ വ്യക്തമാക്കി. വെടിനിര്‍ത്തലിനെക്കുറിച്ചുള്ള വാര്‍ത്തകള്‍ ശരിയല്ല എന്നും ലെബനനില്‍ ആക്രമണം നടത്തുമെന്നും പിഎംഒ അറിയിച്ചു.
വിഷയത്തില്‍ നയതന്ത്ര പരിഹാരത്തില്‍ എത്താന്‍ സമയം അനുവദിക്കണം എന്നും യുഎസും ഫ്രാന്‍സും ആവശ്യപ്പെട്ടിരുന്നു. ഇത് പ്രകാരം 21 ദിവസത്തേക്ക് പോരാട്ടം നിര്‍ത്തിവയ്ക്കാനും ഇസ്രായേലിനോട് ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ ഇസ്രായേല്‍ വിദേശകാര്യ മന്ത്രി കാറ്റ്‌സ് ഈ ആവശ്യം നിരസിച്ചു. ”വടക്കില്‍ വെടിനിര്‍ത്തല്‍ ഉണ്ടാകില്ല. വടക്കന്‍ നിവാസികള്‍ സുരക്ഷിതമായി അവരുടെ വീടുകളിലേക്ക് മടങ്ങിവരുന്നതുവരെ ഞങ്ങളുടെ എല്ലാ ശക്തിയോടെയും ഞങ്ങള്‍ പോരാടുന്നത് തുടരും, ” അദ്ദേഹം എക്സില്‍ പറഞ്ഞു.
യുദ്ധം തുടരാന്‍ സൈന്യത്തിന് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ടെന്നും വെടിനിര്‍ത്തല്‍ നിര്‍ദ്ദേശത്തോട് ഇതുവരെ പ്രതികരിച്ചിട്ടില്ലെന്നും ഇസ്രായേല്‍ പ്രധാനമന്ത്രി നെതന്യാഹുവും വ്യക്തമാക്കി. ലെബനനിലെ 21 ദിവസത്തെ വെടിനിര്‍ത്തലിന് നിരവധി വലതുപക്ഷ നേതാക്കളും ശക്തമായ എതിര്‍പ്പ് പ്രകടിപ്പിച്ചിരുന്നു. ഇത് ഇസ്രായേല്‍ സൈന്യത്തിന്റെ വേഗത തടയുമെന്നും ഹിസ്ബുള്ളയ്ക്ക് വീണ്ടും സംഘടിക്കാന്‍ സമയം നല്‍കുമെന്നുമാണ് അവരുടെ വാദം.
വെടിനിര്‍ത്തല്‍ ലെബനന്‍ ഗ്രൂപ്പിന് കീഴടങ്ങുന്നതിന് തുല്യമാണ് എന്നാണ് നെതന്യാഹുവിന്റെ ലിക്കുഡ് പാര്‍ട്ടിയുടെ പാര്‍ലമെന്റ് അംഗം നിസിം വതൂരി പറഞ്ഞത്. അതിനിടെ ലെബനനില്‍ വെടിനിര്‍ത്തല്‍ കരാറിലെത്താനുള്ള ഔപചാരികമായ മധ്യസ്ഥ പാത ഇതുവരെ സ്ഥാപിച്ചിട്ടില്ലെന്ന് ഖത്തര്‍ വിദേശകാര്യ മന്ത്രാലയം അറിയിച്ചു. ലെബനനും ഗാസയ്ക്കും വേണ്ടിയുള്ള നിര്‍ദ്ദേശങ്ങളില്‍ എന്തെങ്കിലും ബന്ധമുണ്ടോയെന്ന് തങ്ങള്‍ക്ക്അറിയില്ലെന്നും മന്ത്രാലയ വക്താവ് മജീദ് അല്‍-അന്‍സാരി പറഞ്ഞു.
ഹിസ്ബുള്ളയ്‌ക്കെതിരെ ലെബനനില്‍ ഇസ്രായേല്‍ നടത്തിയ വ്യോമാക്രമണത്തില്‍ നിരവധി പേരാണ് കൊല്ലപ്പെട്ടത്. ആക്രമണത്തെ തുടര്‍ന്ന് പതിനായിരക്കണക്കിന് ആളുകള്‍ക്ക് ലെബനനില്‍ നിന്ന് പലായനം ചെയ്യുകയും ചെയ്തു. ഇതിനെ തുടര്‍ന്നാണ് യുഎസും യൂറോപ്യന്‍ യൂണിയനും നിരവധി അറബ് രാജ്യങ്ങളും ഉള്‍പ്പെടെയുള്ള മറ്റ് സഖ്യകക്ഷികളും ലെബനനില്‍ 21 ദിവസത്തെ വെടിനിര്‍ത്തലിന് സംയുക്ത ആഹ്വാനം നല്‍കിയത്.
ന്യൂയോര്‍ക്കില്‍ ഐക്യരാഷ്ട്രസഭയുടെ ജനറല്‍ അസംബ്ലിയില്‍ യോഗം ചേര്‍ന്ന് പാശ്ചാത്യ രാജ്യങ്ങള്‍, ജപ്പാന്‍, ഗള്‍ഫ് രാജ്യങ്ങളായ ഖത്തര്‍, സൗദി അറേബ്യ, യുഎഇ എന്നിവയുമായി ചേര്‍ന്ന് സംയുക്തമായാണ് പ്രസ്താവന പുറത്തിറക്കിയത്. ഹിസ്ബുള്ളയ്ക്കെതിരെ സാധ്യമായ കര ആക്രമണത്തിന് തയ്യാറെടുക്കാന്‍ ഇസ്രായേല്‍ സൈനിക മേധാവി ലെഫ്റ്റനന്റ് ജനറല്‍ ഹെര്‍സി ഹലേവി ബുധനാഴ്ച സൈനികരോട് നിര്‍ദേശിച്ചിരുന്നു. ലെബനന് ചുറ്റുമുള്ള ഹിസ്ബുള്ളയുടെ ശക്തികേന്ദ്രങ്ങളില്‍ ഇസ്രായേല്‍ വ്യോമാക്രമണം തുടരുകയാണ്.