ആലപ്പുഴ: കേരളത്തിന്റെ വിപ്ലവസൂര്യന്‍ മുന്‍ മുഖ്യമന്ത്രി വി.എസ്. അച്യുതാനന്ദന് നാളെ നൂറ്റിയൊന്നാം പിറന്നാള്‍. രാജ്യത്തെ ഏറ്റവും തലമുതിര്‍ന്ന കമ്യൂണിസ്‌റ്റ് നേതാവായ വി.എസ്. പൂര്‍ണവിശ്രമത്തിലാണെങ്കിലും ജന്മദിനം ആഘോഷമാക്കാനുള്ള തയാറെടുപ്പിലാണു പാര്‍ട്ടി പ്രവര്‍ത്തകരും അദ്ദേഹത്തെ സ്‌നേഹിക്കുന്നവരും.
സി.പി.എമ്മിന്റെ സ്‌ഥാപകനേതാവായ വി.എസ്, മുഖ്യമന്ത്രി, പ്രതിപക്ഷ നേതാവ്, നിയമസഭാ സാമാജികന്‍, ഭരണപരിഷ്‌കാര കമ്മിഷന്‍ അധ്യക്ഷന്‍, സി.പി.എം പോളിറ്റ് ബ്യൂറോ അംഗം, സംസ്‌ഥാന സെക്രട്ടറി തുടങ്ങിയ പദവികള്‍ വഹിച്ചു.
ആലപ്പുഴ പുന്നപ്ര വെന്തലത്തറവീട്ടില്‍ ശങ്കരന്റെയും അക്കമ്മയുടെയും മകനായി 1923 ഒക്‌ടോബര്‍ 20 നായിരുന്നു ജനനം. 1939-ല്‍ സ്‌റ്റേറ്റ് കോണ്‍ഗ്രസില്‍ ചേര്‍ന്ന അച്യുതാനന്ദന്‍ 1940ല്‍ പതിനേഴാം വയസിലാണു കമ്മ്യൂണിസ്‌റ്റ് പാര്‍ട്ടിയില്‍ അംഗമായത്. പുന്നപ്ര- വയലാര്‍ സമര നായകനായി ചരിത്രത്തില്‍ ഇടം നേടി. സി.പി.ഐ. നാഷണല്‍ കൗണ്‍സില്‍ യോഗത്തില്‍നിന്ന് ഇറങ്ങിപ്പോയി സി.പി.എം. രൂപീകരിച്ച 32 പേരില്‍ ജീവിച്ചിരിക്കുന്ന ഏക നേതാവും അദ്ദേഹമാണ്. മകന്‍ വി.എ. അരുണ്‍ കുമാറിന്റെ തിരുവനന്തപുരം ബാര്‍ട്ടണ്‍ ഹില്ലിലെ വീട്ടിലാണ് വി.എസ് വിശ്രമത്തില്‍ കഴിയുന്നത്.
നേരിയപക്ഷാഘാതത്തെ തുടര്‍ന്നാണ് ഏതാനും വര്‍ഷങ്ങളായി അദ്ദേഹം പൂര്‍ണവിശ്രമത്തിലേക്ക് കടന്നത്. ഒപ്പം വാര്‍ധക്യത്തിന്റെ അവശകതളുമുണ്ട്. അതുകൊണ്ടുതന്നെ ജന്മനാടായ പുന്നപ്ര പറവൂരിലെ വേലിക്കകത്ത് വീട്ടിലെത്തിയിട്ടും ഏറെക്കാലമായി.
ജ്യേഷ്‌ഠന്‍ നൂറ്റിയൊന്നാം പിറന്നാള്‍ ആഘോഷിക്കുമ്പോള്‍ പറവൂരിലെ വെന്തലത്തറ വീട്ടില്‍ ഏറെ സന്തോഷത്തിലാണ് അനുജത്തി ആഴിക്കുട്ടി.
പ്രായത്തിന്റെ അവശത കാരണം പ്രിയപ്പെട്ട അണ്ണനെ കാണാന്‍ പോകാനാകുന്നില്ലെന്ന സങ്കടമേ ആഴിക്കുട്ടിക്കുള്ളു. 2019-ലാണ് ഒടുവില്‍ വി.എസ്. ഓണപ്പുടവയുമായി അനുജത്തിയെ കാണാനെത്തിയത്. തൊണ്ണൂറ്റിനാലുകാരിയായ ആഴിക്കുട്ടി ഇളയമകളും കുടുംബവുമൊത്താണ് താമസം. വി.എസ്. ഗംഗാധരന്‍, വി.എസ്. പുരുഷോത്തമന്‍, കെ. ആഴിക്കുട്ടി എന്നിവരാണു വി.എസിന്റെ സഹോദരങ്ങള്‍. ചെറുപ്പത്തിലേ അമ്മ മരിച്ചു. പതിനൊന്നാം വയസില്‍ അച്‌ഛനും. മൂത്ത സഹോദരന്‍ ഗംഗാധരന്റെ സംരക്ഷണയിലായിരുന്നു പിന്നീടുള്ള ജീവിതം. പറവൂരില്‍ തുണിക്കട നടത്തുകയായിരുന്നു ഗംഗാധരന്‍. ദാരിദ്ര്യംമൂലം പഠനംനിര്‍ത്തിയ വി.എസ് അദ്ദേഹത്തിന്റെ സഹായിയായി ഒപ്പംകൂടി. അക്കാലത്താണ് തൊഴിലാളി സംഘടനാ പ്രവര്‍ത്തനത്തിലേക്ക് വഴിമാറി സഞ്ചരിച്ചത്. – കടപ്പാട് – മംഗളം ഓൺലൈൻ