അസഹിഷ്ണുത നിറഞ്ഞ ഈക്കാലത്ത് ഗുരുസന്ദേശം ഏറെ പ്രസക്തം: ഫ്രാൻസിസ് മാർപാപ്പ

വത്തിക്കാൻ സിറ്റി∙ ശ്രീനാരായണ ഗുരുവിന്റെ സന്ദേശം ഇന്ന് ഏറെ പ്രസക്തമാണെന്ന് ഫ്രാൻസിസ് മാർപാപ്പ. ശിവഗിരി മഠത്തിന്റെ നേതൃത്വത്തിൽ വത്തിക്കാനിൽ നടക്കുന്ന സർവതസമ്മേളനത്തിലാണ് ഫ്രാൻസിസ് മാർപാപ്പയുടെ പരാമർശം. ഗുരു ലോകത്തിന് നൽകിയത് എല്ലാവരും മനുഷ്യ കുടുംബത്തിലെ അംഗങ്ങളാണെന്ന സന്ദേശമാണ്. അസിഹിഷ്ണുതയും വിദ്വേഷവും വർധിച്ചു വരുന്ന കാലത്ത് ഗുരുവിന്റെ സന്ദേശം ഏറെ പ്രസക്തമാണെന്നും സർവമത സമ്മേളനത്തിലെ ആശീർവാദ പ്രഭാഷണത്തില്‍ മാർപാപ്പ അഭിപ്രായപ്പെട്ടു.

മതസമ്മേളനത്തിൽ റോമിലെ ജോർജിയൻ യൂണിവേഴ്സിറ്റി ഇന്റർഫെയ്സ് ഡയലോഗിന്റെ അധ്യക്ഷൻ ഫാ. മിഥുൻ ജെ. ഫ്രാൻസിസാണ് മോഡറേറ്ററാകുക. ഇന്നത്തെ പ്രധാന സെഷനുകളിൽ ആർച്ച് ബിഷപ് മാർ ജോർജ് ജേക്കബ് കൂവക്കാട്, കർണാടക സ്പീക്കർ യു.ടി.ഖാദർ, പാണക്കാട് സാദിഖലി ശിഹാബ് തങ്ങൾ, ചാണ്ടി ഉമ്മൻ എംഎൽഎ, ഫാ. ഡേവിസ് ചിറമ്മൽ, സ്വാമി വീരേശ്വരാനന്ദ, സ്വാമി ശുദ്ധാനന്ദഗിരി തുടങ്ങിയവരും പ്രസംഗിക്കും.

വിവിധ രാജ്യങ്ങളിലെ മതവിഭാഗങ്ങളിൽനിന്നുള്ള സമ്മേളന പ്രതിനിധികളുടെ സ്നേഹസംഗമത്തോടെയാണ് കഴിഞ്ഞ ദിവസം വത്തിക്കാൻ സിറ്റിയിൽ സർവമത സമ്മേളനത്തിനു തുടക്കമായത്. സമ്മേളനവേദിയിൽ ഇറ്റലിയിലെ ജനപ്രതിനിധികളും സമ്മേളന പ്രതിനിധികളും ഒത്തുചേരുന്ന മതപാർലമെന്റ് നടക്കും.

ഗുരു രചിച്ച ‘ദൈവദശകം’ പ്രാർഥന സമ്മേളനത്തിന്റെ തുടക്കത്തിൽ ഇറ്റാലിയൻ ഭാഷയിൽ മൊഴിമാറ്റം ചെയ്ത് ആലപിക്കും. ഫ്രാൻസിസ് മാർപാപ്പയുടെയും വിവിധ മതപ്രതിനിധികളുടെയും സാന്നിധ്യത്തിലാണ് ഇന്ന് ദൈവദശകം വത്തിക്കാനിൽ മുഴങ്ങുക. ദൈവദശകം 100 ലോക ഭാഷകളിൽ മൊഴി മാറ്റി പ്രചരിപ്പിക്കുന്ന ‘ദൈവദശകം വിശ്വവിശാലയതിലേക്ക്’ പദ്ധതിയുടെ ഭാഗമായി 2017 ൽ ആണ് ഇറ്റാലിയൻ ഭാഷയിലേക്കു മൊഴി മാറ്റിയത്. – (അവലംബം – മനോരമ ഓൺലൈൻ)