കാലാവസ്ഥാ വ്യതിയാനം എല്ലാ അര്‍ഥത്തിലും കണക്കെടുപ്പ് തുടങ്ങിക്കഴിഞ്ഞു. 25 വര്‍ഷങ്ങള്‍ക്ക് മുമ്പ് കാലാവസ്ഥാ വ്യതിയാനത്തെ കുറിച്ച് പറയുകയും എഴുതുകയും ചെയ്ത ശാസ്ത്രജ്ഞന്മാരോട് പലരും കലഹിച്ചിരുന്നു. 1990-കളുടെ മധ്യത്തില്‍ ഇറങ്ങിയ നിരവധി ശാസ്ത്രലേഖനങ്ങള്‍ നമ്മുടെ മുന്നില്‍ ഉണ്ടെങ്കിലും അതെല്ലാം അതിശയോക്തി കലര്‍ന്നതാണെന്ന് കരുതി വികസിത രാജ്യങ്ങള്‍ മുന്നോട്ടുപോയി. കാലാവസ്ഥാ വ്യതിയാനത്തെകുറിച്ച് ജൊനാഥന്‍ പാറ്റ്‌സ് (Jonathan Patz ) എന്ന ശാസ്ത്രജ്ഞന്‍ അമേരിക്കന്‍ മെഡിക്കല്‍ അസോസിയേഷന്റെ ജേണലില്‍ എഴുതിയ ലേഖനം ഇന്ന് വീണ്ടും എടുത്ത് വായിക്കുമ്പോള്‍ അത് കഴിഞ്ഞ ഒന്നുരണ്ടു വര്‍ഷത്തിന് മുമ്പ് എഴുതിയതാണോ എന്ന് നാം സംശയിക്കും. ജോനാഥന്‍ പാറ്റ്‌സും അദ്ദേഹത്തിന്റെ സഹപ്രവര്‍ത്തകരും എഴുതിയ ലേഖനത്തില്‍ ആഗോളതാപനം പുതിയ പകര്‍ച്ചവ്യാധികള്‍ക്ക് ഇടവരുത്താന്‍ പോവുകയാണെന്ന് വ്യക്തമായി പറയുന്നുണ്ട്. പക്ഷേ, അന്നതിനെ പിന്തുണയ്ക്കാൻ അധികമാരും ഉണ്ടായിരുന്നില്ല.
കൊതുകുജന്യ രോഗങ്ങളും ശുദ്ധജലമില്ലാത്തതിന്റെ ഫലമായുണ്ടാകുന്ന ജലസംബന്ധിയായ രോഗങ്ങളും വര്‍ധിക്കുമെന്നും കോളറയടക്കമുളള രോഗങ്ങള്‍ക്ക് ആഗോളതാപനം ഇടയാക്കുമെന്നും അവര്‍ പറഞ്ഞുവെച്ചു. ആഗോളതാപനത്തിന്റെ ഭാഗമായി ഉണ്ടാകുന്ന കാര്‍ബണ്‍ ഡയോക്‌സൈഡിന്റെ വര്‍ധന തല്‍ക്കാലം ചെടികള്‍ക്ക് അധികഭക്ഷണമായി തീരുമെങ്കിലും അധികനാള്‍ കഴിയുന്നതിന് മുമ്പ് കൂടുതല്‍ രോഗങ്ങള്‍ക്ക് ഇടയാക്കുമെന്നും പ്രവചനം ഉണ്ടായി.
2013-ല്‍ എഴുതിയ മറ്റൊരു പ്രബന്ധത്തില്‍ ആഗോളതാപനം രോഗങ്ങളുടെ വലിയ പൊട്ടിത്തെറിക്ക് കാരണമാകുമെന്ന് വളരെ വ്യക്തമായി ശാസ്ത്രജ്ഞര്‍ പറഞ്ഞു. ഇന്ത്യക്കാരനായ കുല്‍ദീപ് ധാമ(Kuldeep Dhama) ഇന്റര്‍നാഷണല്‍ ജേണല്‍ ഓഫ് കറന്റ് റിസര്‍ച്ചില്‍ എഴുതിയ 2013-ലെ ലേഖനത്തില്‍ ആഗോളതാപനം എങ്ങെനെയാണ് മനുഷ്യരിലും മൃഗങ്ങളിലും രോഗങ്ങള്‍ പടര്‍ത്തുക എന്ന് വിവരിച്ചു. കുല്‍ദീപ് ഇന്ത്യന്‍ വെറ്റിനറി റിസര്‍ച്ച് ഇന്‍സ്റ്റിറ്റ്യൂട്ടിലെ ശാസ്ത്രഞ്ജനാണ്. അദ്ദേഹവും അദ്ദേഹത്തിന്റെ സഹപ്രവര്‍ത്തകനായ സന്ദീപ് ചക്രബര്‍ത്തിയും എഴുതിയ ലേഖനം ഇന്നെടുത്ത് വായിച്ചാല്‍ അത് കോവിഡിനെ സംബന്ധിച്ച പ്രവചനം ആയിരുന്നു എന്ന് നാം തെറ്റിദ്ധരിക്കും. – (കടപ്പാട് – മാതൃഭൂമി ഓൺലൈൻ)