ലണ്ടൻ: യു.കെയിലെ കുടിയേറ്റ വിരുദ്ധ കലാപത്തിനെതിരെ ജനങ്ങൾ തെരുവിൽ. ലണ്ടൻ, ലിവർപൂൾ, ഷെഫീൽഡ് തുടങ്ങിയ പ്രധാന നഗരങ്ങളിൽ കഴിഞ്ഞ ദിവസം സമാധാന ആഹ്വാനവുമായി വിവിധ സംഘടനകളുടെ നേതൃത്വത്തിൽ ജനങ്ങൾ രംഗത്തെത്തിയതോടെ തീവ്രവലതുപക്ഷ സംഘടനകൾ ആഹ്വാനം ചെയ്തിരുന്ന പ്രതിഷേധങ്ങളിൽ കാര്യമായ അക്രമങ്ങൾ റിപ്പോർട്ട് ചെയ്തില്ല. കലാപം സൃഷ്ടിക്കുന്നവർക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്ന് പൊലീസ് മുന്നറിയിപ്പ് നൽകിയിരുന്നു.
കഴിഞ്ഞ ആഴ്ച സൗത്ത് പോർട്ടിൽ മൂന്ന് കുട്ടികൾ കുത്തേറ്റ് മരിച്ചതിന് പിന്നാലെയാണ് യു.കെയിൽ സംഘർഷം ആരംഭിച്ചത്. കൊലപാതകി കുടിയേറ്റക്കാരനാണെന്ന വ്യാജ പ്രചാരണം കുടിയേറ്റ വിരുദ്ധ, മുസ്ലിം വിരുദ്ധ പ്രക്ഷോഭമായി മാറുകയായിരുന്നു. അറസ്റ്റിലായ 500ഓളം പേരിൽ 3 പേർക്ക് ജയിൽശിക്ഷ വിധിച്ചിരുന്നു.